
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെയാകെ പിടിച്ചുലക്കുന്ന കാറ്റും മഴയും അഞ്ചുദിവസം കൂടി തുടരുമെന്നു കാലാവസ്‌ഥാ മുന്നറിയിപ്പ്. മഴക്കെടുതിയില്‍ മൂന്നുമരണം, ഒരാളെ കാണാതായി.
കേരളക്കരയിൽ ഇതുവരെ മണ്ണിടിഞ്ഞും, മരം വീണും ഒഴുക്കില്‍പ്പെട്ടും നിരവധിയിടങ്ങളില്‍ അപകടങ്ങളുണ്ടായി. ഗതാഗതം തടസപ്പെട്ടു, വൈദ്യുതി ബന്ധം തകരാറിലായി, നദികള്‍ കരകവിഞ്ഞു, കടല്‍ക്ഷോഭത്തില്‍ നൂറുകണക്കിനു വീടുകളില്‍ വെള്ളം കയറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയിലെ വൈക്കം, വെച്ചൂരില്‍ വീട് തകര്‍ന്നു. കോസ്‌വേകള്‍ വെള്ളത്തിലായതോടെ മലയോരമേഖലകളിലെ നൂറുകണക്കിനു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മീനച്ചില്‍, മണിമല, പമ്പയാറുകള്‍ അപകടനിരപ്പ് കവിഞ്ഞൊഴുകുന്നു. രാത്രി വൈകിയും മഴ തുടരുന്നതിനാല്‍ പാലാ ഉള്‍പ്പെടെ വെള്ളപ്പൊക്കഭീഷണിയില്‍.
വെച്ചൂരില്‍ വീട് ഇടിഞ്ഞുവീണു, ആര്‍ക്കും പരുക്കില്ല. പത്തനംതിട്ട, വെണ്ണിക്കുളത്ത് ഇടത്തല കോളനിയില്‍ മണിമലയാര്‍ കരകവിഞ്ഞ് നാലുവീടുകളില്‍ വെള്ളം കയറി. തിരുവല്ല, മംഗലശേരി കോളനിയിലെ മൂന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
നാശനഷ്ടങ്ങളുടെ ഒരു ഘോഷയാത്രയാണ് ഈ മഴ സംസ്ഥാനത്തിന് സമ്മാനിച്ചത്. അതേസമയം മഴ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി റവന്യൂ മന്ത്രി കെ. രാജന്‍റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. എന്തും നേരിടാൻ സര്‍ക്കാര്‍ പൂര്‍ണസജ്ജമാണെന്ന് യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു.
ജില്ലാ കളക്ടര്‍മാര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
കോട്ടയം, കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി,എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
കാസര്‍കോട് പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
ലാൻഡ് റവന്യൂ കമ്മീഷണറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാൻ തീരുമാനിച്ചു.
ഇവിടങ്ങളില്‍ മുന്നൊരുക്കങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ നേതൃത്വം നല്‍കും. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കാനും യോഗത്തില്‍ തീരുമാനമായി.
അതേസമയം പശ്‌ചിമകൊച്ചിയില്‍ കടല്‍ക്ഷോഭം രൂക്ഷം. കണ്ണമാലി മുതല്‍ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. റോഡുകളിലും കടല്‍വെള്ളം നിറഞ്ഞു. ഇന്നലെ രാവിലെ 11 മുതല്‍ കടല്‍കയറ്റം തുടങ്ങി.
ഉച്ചകഴിഞ്ഞ് ഒന്നോടെ വീടുകളില്‍ വെള്ളം കയറി. പ്രദേശത്തു കടല്‍ഭിത്തിയില്ല. ചാക്കില്‍ മണ്ണുനിറച്ചാണു കടലിനെ പ്രതിരോധിച്ചിരുന്നത്. കണ്ണമാലിക്കു സമീപം ചെല്ലാനത്ത് ടെട്രാപോഡുകള്‍ ഉള്ളതിനാല്‍ കടലേറ്റം തടയാനായി.
അതേസമയം ഇടുക്കിയിലെ മലയോരമേഖലകളില്‍ രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുവരെ യാത്ര നിരോധിച്ച് ജില്ലാ കലക്‌ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്താണിത്.
കണ്ണൂരില്‍ മലയോരമേഖലകളിലേക്കു രാത്രി അവശ്യ സര്‍വീസുകള്‍ക്കു മാത്രം അനുമതി. കണ്ണൂരും കോഴിക്കോട്ടും മറ്റന്നാള്‍വരെ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ ജില്ലാ കലക്‌ടര്‍മാര്‍ ഉത്തരവിട്ടിട്ടുണ്ട്.