പാറമ്പുഴ തടി ഡിപ്പോ കടവിന് എതിര്‍വശത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മരിച്ചത് നട്ടാശ്ശേരി സ്വദേശി

പാറമ്പുഴ തടി ഡിപ്പോ കടവിന് എതിര്‍വശത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മരിച്ചത് നട്ടാശ്ശേരി സ്വദേശി

സ്വന്തം ലേഖിക

കോട്ടയം: പാറമ്പുഴ തടി ഡിപ്പോ കടവിന് എതിര്‍വശത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

നട്ടാശ്ശേരി ഇറഞ്ഞാല്‍ പള്ളിയമ്പില്‍ ബാലകൃഷ്ണകുറുപ്പിന്റെ മകൻ അജയ് ബി. കൃഷ്ണനാണ് (25) മരിച്ചത്. ഇന്നലെ വൈകുന്നേരം 6.15 ഓടെ ഇറഞ്ഞാല്‍ പാറമ്പുഴ വനം ഡിപ്പോയ്ക്ക് സമീപമുള്ള പാലയ്ക്കാട്ടു കടവിലാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ധ്യയോടെയാണ് യുവാവും സുഹൃത്തുക്കളും ബണ്ടുകെട്ടിയ ഭാഗത്ത് കുളിക്കാനായി ഇറങ്ങിയത്. സുഹൃത്തിനൊപ്പം നീന്തുന്നതിനിടെ ആറിൻ്റെ നടുഭാഗത്തായുള്ള ബണ്ടിന് സമീപത്തായി എത്തി എങ്കിലും ഒഴുക്കില്‍പെടുകയായിരുന്നു.

സുഹൃത്ത് വലിച്ചുയര്‍ത്താൻ പരിശ്രമിച്ചെങ്കിലും കൈ വഴുതി ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. സുഹൃത്തുക്കള്‍ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. കോട്ടയം യൂണിറ്റില്‍ നിന്നുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തി. അര മണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂ, പഞ്ചായത്തംഗം മിഥുൻ തോമസ്, കൗണ്‍സിലര്‍ സാബു മാത്യൂ എന്നിവര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.

കുമാരനല്ലൂര്‍ ദേവീക്ഷേത്രം ജീവനക്കാരനാണ് പിതാവ് ബാലകൃഷ്ണക്കുറുപ്പ്. റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥയായ ലതയാണ് മാതാവ്. സഹോദരൻ അരുണ്‍ ബി. കൃഷ്ണൻ.