
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് അതിക്രമം നടത്തിയത്. യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 10.50 ഓടെയാണ് സംഭവം. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഇയാള്‍ വളരെ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ വധഭീഷണി മുഴക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ മറ്റു രോഗികളെ പരിശോധിക്കുകയായിരുന്നു. ഇതിനിടെ യാതൊരു കാരണവുമില്ലാതെ ഡോക്ടറെ അസഭ്യം വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു.
കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഡോക്ടര്‍ പറയുന്നു. യുവാവ് മദ്യമോ മറ്റു ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുന്നു.