
സ്വന്തം ലേഖിക
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വേര്‍പാടില്‍ നാടെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ കടുത്തുരുത്തിയിലെ വീട് ശാന്തം.
വിവരമറിഞ്ഞു ഓടിയെത്തിയ ബന്ധുക്കളുടെ കരച്ചില് മാത്രം. സാന്ത്വനിപ്പിക്കാനായി നിരവധിപേര്‍ വീട്ടില്‍ എത്തിച്ചേരുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതാപിതാക്കള്‍ വീട് അടച്ച് മകളുടെ അടുത്ത് പോയിരുന്നു.
ഏറെ ആഗ്രഹിച്ചാണ് വന്ദന ഈ ജോലി നേടിയത്. നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പ്രിയങ്കരിയായ കുഞ്ഞ് ഡോക്ടര്‍.
അവള് പഠിച്ച് മിടുക്കിയായി എത്തുന്നത് കാത്തിരുന്നവരെ കണ്ണീരിലാഴ്ത്തി ചേതനയറ്റ ശരീരം എത്തിച്ചേരുമ്പോള്‍ ഒരുനാടാകെ സങ്കട കടലിലായി.
ഏക മകള്‍ നഷ്ടമായ മോഹന്‍ദാസിനെയും ഭാര്യ വാസന്തിയെയും എങ്ങനെ സാന്ത്വനിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അറിയില്ല. വന്ദനയ്ക്ക് വിവാഹ ആലോചനകള്‍ വരുന്നുണ്ടായിരുന്നു. ഹൗസ് സര്‍ജന്‍സിക്ക് ശേഷം വിവാഹം നടത്താനായിരുന്നു തീരുമാനം.
ഏറെ ആഗ്രഹിച്ചു മകളുടെ വിവാഹം സ്വപ്നം കണ്ടിരുന്ന വീട്ടിലേക്ക് അവളുടെ ചേതനയറ്റ ശരീരം എത്തിക്കും. ആ സങ്കട കാഴ്ച്ച താങ്ങാനാവില്ലെന്നു നാട്ടുകാര്‍ പറയുന്നു.
ഒരു നല്ല ഗൈനക്കോളജിസ്റ്റ് ആകണമെന്നായിരുന്നു വന്ദനയുടെ ആഗ്രഹം. ആ ലക്ഷ്യത്തിലേക്ക് അടുക്കവെയാണ് ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ജോലിക്കിടെ ലഹരിക്ക് അടിമയായ പ്രതിയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.
കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലാണ് വന്ദന എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയത്. ആ സമയത്ത് മകള്‍ക്ക് കൂട്ടായി മാതാപിതാക്കള്‍ കൊല്ലത്ത് വാടകയ്ക്ക് വീടെടുത്തുതാമസിച്ചു.
കുറവിലങ്ങാട് ഡി പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പ്ലസ് ടു വരെ പഠിച്ചത്. പഠനത്തില്‍ ഏറെ മികവുപുലര്‍ത്തി വന്ദന അക്കാലത്തുതന്നെ എം.ബി.ബി.എസ്. കിട്ടാനുള്ള തീവ്ര തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു.