play-sharp-fill
കാട്ടാനക്കൂട്ടത്തിനു പുതിയ തലവനായി ചക്കകൊമ്പൻ; ഭീതിയില്‍ ചിന്നക്കനാല്‍ നിവാസികള്‍

കാട്ടാനക്കൂട്ടത്തിനു പുതിയ തലവനായി ചക്കകൊമ്പൻ; ഭീതിയില്‍ ചിന്നക്കനാല്‍ നിവാസികള്‍

സ്വന്തം ലേഖകൻ

ഇടുക്കി: അരിക്കൊമ്ബനെ മയക്കുവെടി വെച്ച്‌ മാറ്റി പാര്‍പ്പിച്ചങ്കെിലും ചിന്നക്കനാലിലെ ആശങ്കകള്‍ ഒഴിയുന്നില്ല.

അരിക്കൊമ്ബന്റെ സാമ്രാജ്യത്തിലെ രാജാവായി വാഴുകയാണ് ചക്കക്കൊമ്ബനിപ്പോള്‍. മുന്‍പ് അരിക്കൊമ്ബനൊപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്ബനെ കണ്ടിരുന്നു. അരിക്കൊമ്ബനെ മയക്കു വെടിവച്ച്‌ പിടികൂടിയ ചിന്നക്കനാലിനും സിമന്‍റു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിലുമാണ് ഇന്നലെ വൈകിട്ട് ചക്കക്കൊമ്ബനെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

301 കോളനി ഭാഗത്തു നിന്നുമെത്തിയപ്പോള്‍ വഴിയരികില്‍ ചക്കക്കൊമ്ബനെയാണ് ആദ്യം കണ്ടത്. ചക്കക്കൊമ്ബനൊപ്പം കാട്ടാനക്കൂട്ടവും തൊട്ടപ്പുറത്ത് നിലയുറപ്പിച്ചിരുന്നു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഒരു പിടിയാനയും രണ്ടു കുട്ടിയാനകളും ചക്കക്കൊമ്ബന്റെ അരികിലെത്തി. ഇടക്ക് ശബ്ദം കേള്‍ക്കുമ്ബോള്‍ റോഡിലേക്ക് നോക്കിയും മണം പിടിച്ചും ഒപ്പമുണ്ടായിരുന്നവര്‍ക്ക് സംരക്ഷണം നല്‍കിയും ചക്കക്കൊമ്ബന്‍ അരിക്കൊമ്ബന്റെ തട്ടകത്തില്‍ സജീവമാവുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചയാണ് ചക്കക്കൊമ്ബന്‍ ചിന്നക്കനാല്‍ സ്വദേശിയായ കാജന്റെ വീട് അടിച്ച്‌ തകര്‍ത്തത്. ചക്ക സീസണില്‍ പ്ലാവുകളില്‍ നിന്നും ചക്ക പറിച്ചു തിന്നുന്നതിനാലണ് ആനക്ക് ഈ പേരു വീണത്.
തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്ബന്‍. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരിക്കൊമ്ബനായിരുന്നു. തലവന്‍ പോയതോടെ നേതൃസ്ഥാനം ചക്കക്കൊമ്ബന്‍ സ്വമേധയാ ഏറ്റെടുത്തിരിക്കുകയാണ്.

കഴിഞ്ഞ നാലു ദിവസമായി ഈ കാട്ടാനക്കൂട്ടം ഇവിടെത്തന്നെയുണ്ട്. ദൗത്യത്തിനു രണ്ടു ദിവസം മുമ്ബാണ് മദപ്പാടിലായ ചക്കക്കൊമ്ബന്‍ ഈ കൂട്ടത്തിനൊപ്പമെത്തിയത്. അരിക്കൊമ്ബനെ മയക്കു വെടിവച്ച ദിവസവും ആന ഇവിടുണ്ടായിരുന്നു. തിങ്കളാഴ്ച ഇവരൊന്നാകെയെത്തി ചിന്നക്കനാല്‍ വിലക്കില്‍ ഒരു ഷെഡ്ഡ് തകര്‍ക്കുകയും ചെയ്തിരുന്നു. ഒന്നര മാസത്തോളം മദപ്പാടുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മദപ്പാടിനു ശേഷമായിരിക്കും ചക്കക്കൊമ്ബന്‍ കൂട്ടത്തില്‍ നിന്നും വേര്‍പിരിയുക. അതേസമയം കാട്ടാനക്കൂട്ടം ഈ മേഖലയില്‍ തന്നെ ചുറ്റിത്തിരിയുന്നത് നാട്ടുകാരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. നിമിഷനേരം കൊണ്ട് പാഞ്ഞടുക്കുന്ന കൊമ്ബനെ ഭയന്നാണ് ചിന്നക്കനാല്‍ നിവാസികളുടെ യാത്ര.

Tags :