ഐ.പി.എൽ; രഹാനെയുടെ വെടിക്കെട്ട് ബാറ്റിങ്ങ്; കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് 49 റൺസിന്റെ വിജയം
സ്വന്തം ലേഖകൻ
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 49 റണ്‍സിന് പരാജയപ്പെട്ട് കൊല്‍ക്കത്ത. ചെന്നൈ ഉയര്‍ത്തിയ 236 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ട കൊല്‍ക്കത്തയ്ക്ക്എന്‍. ജഗദീശന്‍ (1), സുനില്‍ നരെയ്ന്‍ (0) എന്നിവരെ ആദ്യ രണ്ട് ഓവറിനുള്ളില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. പിന്നാലെ കാര്യമായ സംഭാവനകളില്ലാതെ വെങ്കടേഷ് അയ്യരും (20) മടങ്ങി. ക്യാപ്റ്റന്‍ നിതിഷ് റാണയ്ക്ക് 27 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ നാലിന് 70 റണ്‍സെന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ജേസണ്‍ റോയ് – റിങ്കു സിങ് സഖ്യം പൊരുതി നോക്കി. റോയ് 26 പന്തില്‍ നിന്ന് അഞ്ച് വീതം സിക്‌സും ഫോറുമടക്കം 61 റണ്‍സെടുത്തു. എന്നാല്‍ റോയിയെ 15-ാം ഓവറില്‍ മഹീഷ് തീക്ഷണ പുറത്താക്കിയതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷ അകന്നു.
33 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 53 റണ്‍സുമായി പുറത്താകാതെ നിന്ന റിങ്കുവിന് സ്‌കോര്‍ 186-ല്‍ എത്തിക്കാനേ സാധിച്ചുള്ളൂ. ആന്ദ്രേ റസ്സലും (9) നിരാശപ്പെടുത്തി.
അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ചെന്നൈ ഇന്നിങ്‌സിന്റെ പ്രത്യേകത. ഡെവോണ്‍ കോണ്‍വെയും ശിവം ദുബെയും കൂടെ തകര്‍ത്തടിച്ചതോടെ 20 ഓവറില്‍ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 235 റണ്‍സ്. ഐപിഎല്ലില്‍ ചെന്നൈയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടോട്ടലാണിത്. ഈഡന്‍ ഗാര്‍ഡന്‍സിലെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്‌കോര്‍ കൂടിയാണിത്.