5 ഗ്രാം എം.ഡി.എം.എ. വാങ്ങിയാൽ മൊബൈൽ ഫോണിൽ വച്ച് എടിഎം കാർഡ് കൊണ്ട് പൊടിച്ച് 12 ഓളം പേർ ഉപയോഗിക്കുന്നു; ആദ്യ തവണ സൗജന്യമായി ലഭിക്കും; പിന്നീട് പണം കൊടുത്തു വാങ്ങി കുട്ടികൾ ഉപഭോക്താക്കളും വാഹകരുമായി മാറുന്നു; പന്തളത്ത് എംഡിഎംഎയുമായി പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
സ്വന്തം ലേഖകൻ
പത്തനംതിട്ട: പന്തളത്ത് എംഡിഎംഎയുമായി രണ്ട് വിദ്യാർഥികൾ പിടിയിൽ. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി.കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്‍പനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ രണ്ട് വിദ്യാർഥികൾ പോലീസ് പിടിയിലായത്.
വിൽപ്പനക്കായി വാങ്ങി കൊണ്ടുവരുമ്പോഴാണ് ഇവർ പിടിയിലായത്. കുട്ടികൾ തന്നെ ഉപഭോക്താക്കളും വാഹകരുമായി മാറുന്ന ഗുരുതര സ്ഥിതിവിശേഷം നിലവിലുണ്ടെന്ന് പോലീസ് പറയുന്നു. വിൽക്കാൻ കിട്ടുന്ന ലഹരി വസ്തുക്കളിൽ നിന്ന് ഇവർക്ക് സ്വന്തം ഉപയോഗത്തിന് അല്പം കിട്ടാറുണ്ടെന്നും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വിൽപ്പനക്കാർ കൗമാരക്കാരെ ഉപയോഗിക്കുന്നുണ്ടെന്നും പോലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
5 ഗ്രാം എം.ഡി.എം.എ. വാങ്ങിയാൽ മൊബൈൽ ഫോണിൽ വച്ച് എടിഎം കാർഡ് കൊണ്ട് പൊടിച്ച് വരയിട്ട് 12 ഓളം പേർ ഉപയോഗിക്കുമെന്ന് പിടിക്കപ്പെട്ടവർ പോലീസിനോട് പറഞ്ഞു. ആദ്യ തവണ സൗജന്യമായി കച്ചവടക്കാർ നൽകുമെന്നും തുടർന്ന് പണം കൊടുത്താണ് വാങ്ങുന്നതെന്നും പിന്നീട് വാഹകരായി മാറുകയാണെന്നും കുട്ടികൾ വെളിപ്പെടുത്തി.
നർകോട്ടിക് സെൽ ഡി.വൈ.എസ്.പി കെ.എ. വിദ്യാധരന്‍റെ നേതൃത്വത്തിലായിരുന്നു ഡാൻസാഫ് സംഘത്തിന്‍റെ നീക്കം. അടൂർ ഡി.വൈ.എസ്.പി. ആർ. ജയരാജിന്‍റെ നിർദേശപ്രകാരം പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.