
സ്വന്തം ലേഖകൻ
ആലപ്പുഴ: ലക്ഷങ്ങളുടെ തിരിമറി നടത്തിയ പോസ്റ്റുമാസ്റ്റർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിരങ്ങൾ തേടി പൊലീസ്. നിക്ഷേപത്തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി ആണ് പോസ്റ്റുമാസ്റ്റർ നടത്തിയത്. സംഭവത്തിൽ പള്ളിപ്പുറം പാമ്പുംതറയിൽ വീട്ടിൽ അമിത നാഥിനെ (29) കഴിഞ്ഞദിവസം മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ ഇരകളുണ്ടോയെന്ന അന്വേഷണത്തിനൊരുങ്ങുകയാണ് ഇപ്പോൾ പൊലീസ്.
മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിൽ ഗ്രാമീണ ടാക്ക് സേവക് സർവ്വീസ് (പോസ്റ്റു മാസ്റ്റർ) ആയി ജോലിചെയ്തുവരികയായിരുന്നു യുവതി. മാരാരിക്കുളം പോസ്റ്റോഫീസിൽ ടിഡി, എസ് എസ് എ, ആർ ഡി, എസ് ബി, പിപിഎഫ് തുടങ്ങിയ നിക്ഷേപ പദ്ധതികളിലായി ഒരു വർഷത്തേയ്ക്കും അഞ്ചു വർഷത്തേയ്ക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രുപ തിരിമറി നടത്തി. കൂടാതെ നിക്ഷേപകർക്ക് വ്യാജ അക്കൗണ്ട് നമ്പരുകൾ സ്വന്തം കൈപ്പടയിൽ എഴുതി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റ് ഓഫീസിൽ പണം അടയ്ക്കുന്ന ആർഐടിസി മെഷീൻ വഴി അടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി ഓഫീസ് സീൽ പതിച്ചു കൊടുക്കുകയായിരുന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ വി ബിജുവിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഇ എം സജീർ, ജാക്സൺ, സീനിയർ സിവിൽ പൊലീസ് ഓഫീസറായ ലതി, മഞ്ജുള എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അമിതയെ ഇന്നലെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കു മാറ്റി. കേസിൽ കൂടുതൽ ആളുകൾ സാമ്പത്തിക തട്ടിപ്പിനു ഇരയായിട്ടുണ്ടോയെന്ന അന്വേഷണം പൊലീസ് ഊർജിതമാക്കി.
മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫീസ് പരിധിയിലെ 21 പേരാണ് തട്ടിപ്പിനിരയായത്. ഇവിടെ വിവിധ നിക്ഷേപ പദ്ധതികളിലായി 700 പേരാണുള്ളത്. രേഖകള്‍ ഹാജരാക്കാന്‍ എല്ലാവര്‍ക്കും തപാല്‍ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിക്ഷേപകരില്‍ നിന്നു പരാതി ലഭിച്ചപ്പോള്‍ തന്നെ വകുപ്പു തല അന്വേഷണം നടത്തിയെന്നും ഗുരുതരമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ആലപ്പുഴ പോസ്റ്റ് ഓഫിസ് സൂപ്രണ്ട് ബിന്ദു വര്‍മ പറഞ്ഞു.