നഗരമധ്യത്തിലെ കൊലപാതകം: വീണ്ടും നഗരം കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നു; വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റണമെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നു
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകമുണ്ടായതോടെ നഗരം വീണ്ടും കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതോടെയാണ് നഗരം വീണ്ടും കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നഗരമധ്യം വീണ്ടും അക്രമികളുടെയും സാമൂഹ്യ വിരുദ്ധ സംഘത്തിന്റെയും താവളമാകുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ നാട്ടകം മറിയപ്പള്ളി പുഷ്പഭവനിൽ അനിയൻപിള്ളയുടെ മകൻ അനിൽകുമാറിനെ (ബേക്കറി അനി -44) നീലിമംഗലം ചിറയിൽ ഹൗസിൽ സുലൈമാന്റെ മകൻ റിയാസ് (26) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നഗരമത്തിലെ തിരക്കേറിയ ഇടനാഴിയിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്ന ഇരുവരും തമ്മിൽ വാക്കേറ്റവും, പിന്നീട് കയ്യാങ്കളിയും ഉണ്ടാകുകയും, തുടർന്ന് റിയാസ് അനിയെ കുത്തിവീഴ്ത്തുകയുമായിരുന്നു.
നഗരമധ്യത്തിൽ പൊലീസ് സാന്നിധ്യം കുറയുന്നതിന്റെ ലക്ഷണമാണ് ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളും കത്തിക്കുത്തും കൊലപാതകവും. നഗരത്തിലെ തിരക്കേറിയ വഴികളിൽ പോലും സാമൂഹ്യ വിരുദ്ധ അക്രമി സംഘം അക്രമം അഴിച്ചു വിടുകയാണ് ഇത് പൊലീസ് സാന്നിധ്യം കുറയുന്നതിന്റെ ലക്ഷണണാണ്. ജനുവരി രണ്ടാം വാരത്തിൽ നഗരത്തിലെത്തിയ വീട്ടമ്മയെ സാമൂഹ്യ വിരുദ്ധർ കടന്നു പിടിച്ചിരുന്നു. അനാശാസ്യ പ്രവർത്തനത്തിന് കൂടെ വരണമെന്ന് നിർബന്ധിച്ചാണ് വീട്ടമ്മയെ അക്രമി സംഘം കടന്ന് പിടിച്ചത്. ഇതു സംബന്ധിച്ചു പൊലീസിൽ പരാതി നൽകിയെങ്കിലും നഗരത്തിൽ കറങ്ങി നടക്കുന്ന ഇത്തരം സംഘത്തെ പിടികൂടാൻ പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. ഇപ്പോഴും ഈ സംഘം നഗരത്തിൽ സജീവമായി തന്നെ നിൽക്കുന്നുണ്ട്..
ആറു മാസം മുൻപാണ് നഗരമധ്യത്തിലെ സാമൂഹ്യ വിരുദ്ധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും, യുവാവിനെ മർദിച്ച് കൊലപ്പെടുത്തി പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിനു സമീപത്തെ കിണറ്റിൽ തള്ളുകയും ചെയ്തത്. ഇത്തരത്തിൽ നഗരത്തിൽ അക്രമ സംഭവങ്ങൾ വർധിച്ചതോടെ സാമൂഹ്യ വിരുദ്ധ സംഘങ്ങളെ അമർച്ച ചെയ്യണമെങ്കിൽ നഗരമധ്യത്തിൽ തന്നെ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്നും ഇവിടെ നിരന്തരമായി പൊലീസ് സാന്നിധ്യം ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് നഗരത്തിലെ വ്യവസായി ശ്രീകുമാർ സംസ്ഥാന പൊലീസ് മേധാവിയ്ക്കും ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കോട്ടയം ഡിവൈഎസ്പിയ്ക്ക് നഗരമധ്യത്തിലേയ്ക്ക് പൊലീസ് സ്റ്റേഷൻ മാറ്റാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഡിജിപി നിർദേശം നൽകിയിരുന്നു. ഇതിനായി ഡിവൈഎസ്പി പരിശോധന നടത്തുന്നതിനിടെയാണ് വീണ്ടും നഗരമധ്യത്തിൽ അരുംകൊലയുണ്ടായിരിക്കുന്നത്. ഇത് നഗരത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.