സ്വന്തം ലേഖിക
കോഴിക്കോട്: ട്രെയിനില്‍ ആക്രമണം നടത്തിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധിക്കുന്നു.
മൊബൈല്‍ ഫോണ്‍, ഭക്ഷണ സാധനങ്ങളുടെ കവര്‍, ബനിയന്‍, അരക്കുപ്പിയോളം പെട്രോള്‍, കണ്ണട, ഹിന്ദിയിലെഴുതിയ കത്ത്, ചെറിയൊരു കടലാസില്‍ ഇംഗ്ലീഷിലെഴുതിയ ചില സ്ഥലപ്പേരുകള്‍ എന്നിവയൊക്കെയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. കോഴിക്കോട്, കഴക്കൂട്ടം അടക്കമുള്ള പേരുകളാണ് പട്ടികയിലുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണിലൂടെ അക്രമിയിലേക്ക് എത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ബാഗിലെ സാധനങ്ങളില്‍ നിന്ന് വിരലടയാളമടക്കമെടുക്കാനാണ് ഫോറന്‍സിക് സംഘം ശ്രമിക്കുന്നത്.
ഏലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ നിന്നാണ് ബാഗ് കണ്ടെത്തിയത്.
ആരാണ് അക്രമിയെന്നോ? എന്താണ് അക്രമിയുടെ ലക്ഷ്യമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
ആസൂത്രിതമായ ആക്രമണമാണെന്ന നിഗമനത്തിലാണ് പൊലീസ്. അക്രമിയ്ക്കും പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന.
ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവില്‍ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മറ്റൊരു കോച്ചില്‍ നിന്നാണ് ഇയാള്‍ ഡി1ലെത്തിയത്.