നീലവെളിച്ചം പാട്ടു വിവാദം; ‘ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയത്’ പകർപ്പവകാശത്തിന് പ്രതിഫലം നൽകി..! വിശദീകരണവുമായി സംവിധായകൻ ആഷിക് അബു
സ്വന്തം ലേഖകൻ
ഭാർഗവീനിലയം എന്ന ചിത്രത്തിലെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയാണ് നീലവെളിച്ചത്തിൽ ഉപയോഗിച്ചതെന്ന് സംവിധായകൻ ആഷിക് അബു. സിനിമയിലെ ഗാനങ്ങൾ റീമിക്‌സ് ചെയ്‌ത് ‘നീലവെളിച്ചം’ സിനിമയിൽ ഉപയോഗിച്ചതിനെതിരെ എംഎസ് ബാബുരാജിന്റെ കുടുംബം സംവിധായകൻ ആഷിഖ് അബുവിനെതിരെ നോട്ടീസ് നൽകിയിരുന്നു.
ഗാനങ്ങളുടെ പകർപവകാശം ഉള്ളവർക്ക് പ്രതിഫലം നൽകി കരാറാക്കിയാണ് നീലവെളിച്ചം സിനിമയിൽ ഉപയോഗിച്ചതെന്നാണ് ആഷിക് അബുവിന്റെ
വിശദീകരണം.
1964 ൽ പുറത്തിറങ്ങിയ ഭാർഗവീനിലയത്തിലെ ഗാനങ്ങൾ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ പുനർനിർമിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ പി ഭാസ്കരനിൽ നിന്നും സംഗീത സംവിധായകനായ എംഎസ് ബാബുരാജിന്റെ പിന്തുടർച്ചക്കാരിൽ നിന്നും നിയമപരമായി സ്വന്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികത്തനിമയും മാസ്മരികതയും നശിപ്പിക്കുന്ന റീമിക്‌സ് ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ടിവി ചാനലുകളിൽ നിന്നും പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കുടുംബം നോട്ടീസ് അയച്ചത്. ബാബുരാജിന്റെ മകൻ എംഎസ് ജബ്ബാർ മന്ത്രി സജി ചെറിയാനും പരാതി നൽകിയിരുന്നു. തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ആ പാട്ടുകൾ ആഷിഖ് അബുവിന്റെ സിനിമയിൽ ഉപയോഗിച്ചതെന്ന് ജബ്ബാർ ആരോപിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി 1964ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭാര്‍ഗവീനിലയം. ഈ സിനിമയ്ക്ക് ഗാനങ്ങള്‍ ഒരുക്കിയത് എം.എസ് ബാബുരാജായിരുന്നു. ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി തന്നെയാണ് ആഷിഖ് അബുവിന്റെ നീലവെളിച്ചവും ഒരുങ്ങുന്നത്. ഭാർഗവീനിലയത്തിലെ ഗാനങ്ങൾ തന്നെ റീമിക്സ് ചെയ്താണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടകം ഈ ഗാനങ്ങൾ ശ്രദ്ധ നേടിക്കഴിഞ്ഞു. ബിജിബാലാണ് ഈ റീമിക്‌സ് പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.
ഏപ്രിൽ 20ന് നീലവെളിച്ചം തിയേറ്ററുകളിൽ എത്തും. മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാട്ടില്‍ അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.