play-sharp-fill
സർവകലാശാലകളിലെ ഇന്ത്യൻ പെൺകുട്ടികളെ കാണുമ്പോൾ അഭിമാനം തോന്നുന്നു: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു: ബാലജന സഖ്യത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്തു

സർവകലാശാലകളിലെ ഇന്ത്യൻ പെൺകുട്ടികളെ കാണുമ്പോൾ അഭിമാനം തോന്നുന്നു: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു: ബാലജന സഖ്യത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: മാതൃരാജ്യം എന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ സ്ത്രീകൾ ജോലി ചെയ്യരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മലയാള മനോരമയുടെ ബാലജനസഖ്യത്തിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് ഒരു വേദങ്ങളിലും പറഞ്ഞിട്ടില്ല. ഇന്ത്യയെ മാതൃരാജ്യമെന്നാണ്,? പിതൃരാജ്യമെന്നല്ല പറയുന്നതെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരമാണ് നമ്മുടേതെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. സർവ്വകലാശാലകളിലും മറ്റും സ്വർണമെഡലുകൾ നേടുന്ന പെൺകുട്ടികളെ കാണുമ്പോൾ അഭിമാനം തോന്നാറുണ്ടെന്നും നമ്മളെല്ലാം സഹോദരീ സഹോദരന്മാരാണെന്ന ബോധം കുട്ടികളിൽ വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അഹം ബ്രഹ്മാസ്മി’ എന്നതാണ് ഇന്ത്യയുടെ തത്വശാസ്ത്രം. ഏതു മതത്തിൽ വിശ്വസിക്കുന്നതിലും എത് ദൈവത്തെ ആരാധിക്കുന്നതിലും രാജ്യത്ത് ഒരു എതിർപ്പുമില്ല. ഏവരെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ സംസ്‌കാരം. രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ശ്രദ്ധ വേണമെന്ന് വെങ്കയ്യ നായിഡു ഓർമ്മിപ്പിച്ചു.


ഇക്കാലത്ത് എല്ലാവരും എന്തിനും ഏതിനും ഗൂഗിളിനോടാണ് ചോദിക്കുന്നത്. എന്നാൽ ഗൂഗിളല്ല ഗുരുവാണ് അതിനേക്കാൾ വലുത്. ലോകത്തിൽ എവിടെ പോയി പഠിച്ചാലും മാതൃരാജ്യത്തെയും മാതൃഭാഷയെയും മറക്കാരുത്. രാജ്യം കൂടുതൽ ഉയരങ്ങളിലെത്തണമെങ്കിൽ യുവാക്കൾക്കും കുട്ടികൾക്കും പ്രചോദനം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണർ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിച്ചു.
മന്ത്രി വി.എസ്. സുനിൽ കുമാർ, ബാലജനസഖ്യം മുൻ സംസ്ഥാന സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സുപ്രീം കോടതി റിട്ട. ജസ്റ്റിസും സഖ്യാംഗവുമായിരുന്ന സിറിയക് ജോസഫ്, സഖ്യാംഗവും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ടി.കെ.എ. നായർ, സഖ്യം മുൻ സംസ്ഥാന സെക്രട്ടറിയും വിദ്യാഭ്യാസ വിദഗ്ധനുമായ പി.എം. മുബാറക് പാഷ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group