‘ഈ വീട്ടിലെ ഓര്‍മ്മകള്‍ക്ക് ജനങ്ങളോട് കടപ്പാട്..! ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുൽ ; നിർദ്ദേശങ്ങൾ പാലിക്കും
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഔദ്യോഗിക വസതി ഒഴിയാമെന്നറിയിച്ച് രാഹുല്‍ ഗാന്ധി. ഒരുമാസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്ന നിര്‍ദേശം പാലിക്കുമെന്ന് കാണിച്ച് ഡെപ്യൂട്ടി സെക്രട്ടറി ഡോ.മോഹിത് രാജന് രാഹുല്‍ ഗാന്ധി കത്തയച്ചു. കത്തില്‍ അടങ്ങിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
‘കഴിഞ്ഞ 4 തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍, അവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത് ജനങ്ങളോടാണ്. തീര്‍ച്ചയായും, നിങ്ങളുടെ കത്തില്‍ അടങ്ങിയിരിക്കുന്ന വിശദാംശങ്ങള്‍ ഞാന്‍ പാലിക്കും’- രാഹുല്‍ മറുപടി കത്തില്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വർഷത്തേക്ക് രാഹുലിന് തടവ് ശിക്ഷ വിധിച്ചിരുന്നു. അപകീർത്തി കേസിൽ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി രാഹുലിന് നൽകിയത്.
ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാൽ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്.