കോട്ടയത്തെ കുരുക്കിൽ മുക്കി ഉപരാഷ്ട്രപതി മടങ്ങി: രണ്ടു മണിക്കൂറിലേറെ നീണ്ട നാട്ടുകാരുടെ ദുരിതത്തിന് അറുതി; ശ്വാസം വിട്ട് കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിനു മുന്നിൽ അമ്മയെയും കുഞ്ഞിനെയും തടഞ്ഞു; പൊരിവെയിലിൽ കാവൽ നിന്ന പൊലീസിനു മനോരമ നൽകിയത് കേക്കും കുപ്പിവെള്ളവും
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തെ കുരുക്കിൽ മുക്കിയ നിയന്ത്രണങ്ങൾക്കൊടുവിൽ ഉപരാഷ്ട്രപതി ജില്ലയോട് വിട പറഞ്ഞു. നഗരത്തിൽ രാവിലെ 11 മണിയോടെ എത്തിയ ഉപരാഷ്ട്രപതിയാണ് രണ്ടു മണിക്കൂറിനു ശേഷം ഒന്നരയോടെ പൊലീസ് പരേഡ് മൈതാനത്തു നിന്നും ഹെലിക്കോപ്റ്ററിൽ കൊല്ലത്തേയ്ക്ക് മടങ്ങിയത്. രണ്ട് ഹെലിക്കോപ്റ്ററുകളിലായാണ് ഉപരാഷ്ട്രപതിയും സംഘവും ജില്ലയിൽ എത്തിയത്. മൂന്നു ദിവസമായി മലയാള മനോരമയുടെ പരിപാടികൾക്കായി റോഡിൽ കാവൽ നിന്ന പൊലീസുകാർക്ക് മലയാള മനോരമയുടെ വക സമ്മാനം കേക്കും കുപ്പിവെള്ളവും..!
രാവിലെ 11.30 ന് മാമ്മൻമാപ്പിള ഹാളിൽ നടന്ന മലയാള മനോരമ ബാലജനസഖ്യത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനായാണ് അദ്ദേഹം എത്തിയത്. രാവിലെ പൊലീസ് പരേഡ് മൈതാനത്ത് ഹെലിക്കോപ്റ്ററിൽ ഇറങ്ങിയ ഉപരാഷ്ട്രപതിയെ വൻ വാഹന വ്യൂഹത്തിന്റെ അകമ്പടിയോയൊണ് മാമ്മൻമാപ്പിള ഹാളിലേയ്ക്ക് എത്തിച്ചത്. റോഡിന്റെ ഇരുവശവുമുള്ള കടകൾ രാവിലെ 9 മുതൽ ഉപരാഷ്ട്രപതി പോകും വരെ അടച്ചിടാൻ നിർദേശവും നൽകിയിരുന്നു. പ്രധാന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം ഏതാണ്ട് നിരോധിച്ച മട്ടു തന്നെയായിരുന്നു. ഇടറോഡുകളിലൂടെ കടന്നു വരുന്ന വാഹനങ്ങൾ മാത്രമാണ് ഈ വഴിയിലൂടെ കടന്നു പോയിരുന്നത്. ഇതും അരകിലോമീറ്ററിൽ നിൽക്കുന്ന രണ്ട് പൊലീസുകാരുടെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ മാത്രമായിരുന്നു.
11.30 ന് എത്തിയ ഉപരാഷ്ട്രപതി മാമ്മൻമാപ്പിള ഹാളിൽ കയറി പരിപാടി കഴിഞ്ഞ് മടങ്ങും വരെ ഈച്ചയെപ്പോലും കടത്തി വിടാത്ത നിയന്ത്രണം പൊലീസ് ഏർപ്പെടുത്തി. ഇതുകൂടാതെയായിരുന്നു പല വഴികളിലും പൊലീസ്് ഏർപ്പെടുത്തിയിരുന്ന ഗതാഗതക്രമീകരണങ്ങളും. മാമ്മൻമാപ്പിള ഹാളിലൈ പരിപാടിയ്ക്ക് ശേഷം പുറത്തിറങ്ങിയ ഉപരാഷ്ട്രപതി നഗരത്തിൽ നിന്നു കഞ്ഞിക്കുഴി വഴി നേരെ പോയത് നാട്ടകം ഗസ്റ്റ് ഹൗസിലേയ്ക്കായിരുന്നു. നാട്ടകം ഗസ്റ്റ് ഹൗസിലേയ്ക്കുള്ള യാത്രയ്ക്കിടെ വഴിയരികിലെ കടകളെല്ലാം പൊലീസ് അടപ്പിച്ചു. റോഡരികിലെ വീടുകളിലുള്ളവരോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചു. നാട്ടകം ഗസ്റ്റ് ഹൗസിനു സമീപത്തെ റോഡിൽ നിന്നു നടന്നു വന്ന അമ്മയെയും പിഞ്ചു കുഞ്ഞിനെയും പ്രധാന റോഡിലൂടെ കടന്ന് പോകാൻ അനുവദിച്ചില്ല. പ്രധാന റോഡിൽ നിന്നും ഇടവഴികളിലൂടെ കയറിയാണ് ഇവർ തൊട്ടടുത്ത ജംഗ്ഷനിൽ എത്തിയത്. നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്നും തൊട്ടടുത്ത പ്രധാന ജംഗ്ഷനിലേയ്ക്ക് മൂന്നു കിലോമീറ്ററിലേറെ ദൂരമുണ്ട്. ഈ ദൂരത്തിലൂടെ കാൽനടയാത്രക്കാരെ പോലും പൊലീസ് അനുവദിച്ചിരുന്നില്ല. ഇതാണ് സാധാരണക്കാർ അടക്കമുള്ളവരെ ബുദ്ധിമുട്ടിച്ചത്. ഉപരാഷ്ട്രപതിയ്ക്ക് വേണ്ടി ഓട്ടോറിക്ഷകൾ അടക്കമുള്ള വാഹനങ്ങളും ഇവിടെ തടഞ്ഞിട്ടിരുന്നു. ഇതും സാധാരണക്കാരെ നന്നായി വലച്ചു.
ഒടുവിൽ ഉച്ചയ്ക്ക് ഒന്നരയോടെ പൊലീസ് പരേഡ് മൈതാനത്തു നിന്നും ഉപരാഷ്ട്രപതി മടങ്ങിയതോടെയാണ് നഗരത്തിലെ കുരുക്കഴിച്ച് സാധാരണക്കാർ ശ്വാസം വിട്ടത്. മൂന്നു ദിവസം പൊരിവെയിൽ തങ്ങളുടെ സ്വകാര്യ പരിപാടിയ്ക്ക് വേണ്ടി ഉപരാഷ്ട്രപതിയ്ക്ക് കാവൽ നിന്ന പൊലീസുകാർക്ക് മലയാള മനോരമ നൽകിയത് കേക്കും ഒരു കുപ്പി വെള്ളവും മാത്രമാണ്. ഉപരാഷ്ട്രപതി കൊല്ലത്ത് എത്തും വരെയായിരുന്നു പൊലീസുകാർക്ക് നഗരത്തിൽ സുരക്ഷാ ഡ്യൂട്ടി അനുവദിച്ചിരുന്നത്. ഇദ്ദേഹം കൊല്ലത്ത് എത്തിയപ്പോഴേയ്ക്കും രണ്ടു മണി കഴിഞ്ഞിരുന്നു. ഇതുവരെ പൊരിവയിലിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കാവൽ നിൽക്കേണ്ടി വന്നു.