മൊബിലിറ്റി ഹബിനായി മരിക്കാനിരുന്ന ഭൂമിയിൽ ശനിയാഴ്ച മന്ത്രി വിത്തിറക്കും: പുതുജീവനേകുക 250 ഏക്കർ നെൽപാടത്ത്: ഈരയിൽക്കടവിലും മുപ്പായിക്കാട്ടും പാടശേഖരങ്ങളിൽ ഇനി വിളയുക പൊന്ന്; എല്ലാത്തിനും വഴിയൊരുക്കിയത് മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ നദീ പുനസംയോജന പദ്ധതി
സ്വന്തം ലേഖകൻ
കോട്ടയം: മൊബിലിറ്റി ഹബ് എന്ന വമ്പൻ കോൺക്രീറ്റ് കാട്ടിൽ മുങ്ങിത്താഴേണ്ട ഈരയിൽക്കടവിലെയും മുപ്പായിക്കാട്ടെയും പാടശേഖരങ്ങൾ പച്ചത്തുരുത്തായി മാറുന്നു. ഈരയിൽക്കടവ് ബൈപ്പാസ് റോഡിന്റെ വശങ്ങളിൽ പച്ചപിടിച്ചു നിൽക്കുന്ന നെൽപ്പാടമായി നഗത്തിൽ നാട്ടിൻപുറത്തിന്റെ നന്മനിറയ്ക്കാൻ പാടങ്ങൾ അണിഞ്ഞൊരുങ്ങി തുടങ്ങി. ശനിയാഴ്ച രാവിലെ എട്ടിന് മന്ത്രി വി.എസ് സുനിൽകുമാർ നന്മയുടെ നെന്മണി പാടത്ത് വിതയ്ക്കുന്നതോടെ വലിയൊരു കാർഷിക വിപ്ലവത്തിനാണ് കോട്ടയത്തിന്റെ മണ്ണിൽ വീണ്ടും തുടക്കം കുറിയ്ക്കുക. 250 ഏക്കറിൽ കോൺക്രീറ്റ് കാട് ഉയർന്ന് കത്തിത്തീരേണ്ട ഭൂമിയ്ക്കാണ് പുതുജീവൻ ലഭിക്കുന്നത്.
കാൽനൂറ്റാണ്ടിലേറെയായി തരിശിട്ട് കിടന്ന കോടിമത മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്തിലെ വിതമഹോത്സവത്തിനാണ് ശനിയാഴ്ച രാവിലെ എട്ടിന് മന്ത്രി വി.എസ് സുനിൽകുമാർ തുടക്കം കുറിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കോടിമതയിലേയും ഈരയിൽക്കടവിലേയും മുപ്പായിക്കാട് പ്രദേശത്തെയും അഞ്ഞൂറ് ഏക്കറോളം പാടശേഖരങ്ങളെ ഉൾപ്പെടുത്തി മൊബിലിറ്റി ഹബ്ബ് എന്ന വമ്പൻ പ്രോജക്ട് മുന്നോട്ടു വച്ചത്. മൊബിലിറ്റി ഹബ്ബിനായി നികത്തുന്നതിനു അനുവാദം നൽകിയ പാടശേഖരത്തിൽ വിത്തിറക്കുന്നതായിരുന്നു ആദ്യ കടമ്പ. നികത്താൻ അനുവാദം നൽകിയുള്ള ഉത്തരവ് പിൻവലിച്ചെങ്കിലും സ്ഥലം ഉടമകളിൽ ആരും തന്നെ കൃഷിയ്ക്ക് തയ്യാറായില്ല. തുടർന്ന് കൃഷിയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ട് ആദ്യം പ്രദേശത്തെ സ്ഥലം ഉടമകൾക്ക് കൃഷി വകുപ്പ് കത്ത് നൽകി. എന്നാൽ, ഉടമകൾ കൃഷി ചെയ്യാൻ തയ്യാറായില്ല. തുടർന്ന് വിവിധ കർഷകരെ കണ്ടെത്തി ഇവർക്ക് സഹായം നൽകിയാണ് ഇവിടെ കൃഷിയിറക്കുന്നത്. ഇരുനൂറ് ഏക്കറോളം ഭൂമി ഇവിടെ കാട് പിടിച്ച് കിടക്കുകയായിരുന്നു. ഈ ഭൂമിയാണ് കൃഷിയ്ക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്തത്. രണ്ടാഴ്ചയോളം എടുത്താണ് ഇവിടെ സ്ഥലം കൃഷി ചെയ്യാൻ സാധിക്കുന്ന രീതിയിൽ പരിപാലിച്ച് , കാടും പടലും വെട്ടിമാറ്റി ക്രമീകരിച്ചത്. മീനച്ചിലാർ- മീനനന്തറയാർ – കൊടൂരാർ നദീ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മയാണ് മണിപ്പുഴ തോട് തെളിച്ചത്. ഇതിന്റെ തുടർച്ചയായി ഈരയിൽക്കടവ് തോട് നഗരസഭ ശുചിയാക്കി നൽകി. തോടുകൾ തെളിച്ചും, പുതിയ വൈദ്യുതി കണക്ഷൻ നൽകിയും കൃഷി -ജലസേചനം – വൈദ്യുതി വകുപ്പുകൾ പദ്ധതിയുമായി സഹകരിച്ചു. ഇതോടൊപ്പം കോട്ടയം നഗരസഭയുടെ സഹകരണം കൂടി ലഭിച്ചതോടെയാണ് പദ്ധതി വൻ വിജയമായതെന്ന് പദ്ധതിയുടെ കോ ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.