എ രാജയ്ക്ക് ആശ്വാസം : ദേവികുളത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ; സുപ്രീംകോടതിയെ സമീപിക്കാൻ പത്തു ദിവസത്തെ സാവകാശം
സ്വന്തം ലേഖകൻ
കൊച്ചി: ദേവികുളം എം.എൽ.എ എ.രാജയെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. 10 ദിവസത്തേക്കാണ് സ്‌റ്റേ അനുവദിച്ചത്. സുപ്രിംകോടതിയെ സമീപിക്കാൻ സാവകാശം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി പി എം നേതൃത്വവും എ രാജയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരമാവധി പത്ത് ദിവസത്തെ കാലാവധിയാണ് സ്റ്റേക്ക് അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിധിക്ക് സ്റ്റേ പുറപ്പെടുവിച്ചതോടെ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ രാജയ്ക്ക് തടസ്സം ഉണ്ടായേക്കില്ല. എന്നാല്‍ ഈ കാലയളവില്‍ എം എല്‍ എ എന്ന രീതിയിലുള്ള ആനുകൂല്യങ്ങളൊന്നും രാജയ്ക്ക് സ്വീകരിക്കാന്‍ സാധിക്കില്ല. നേരത്തെ മറ്റ് ചില അംഗങ്ങള്‍ക്കെതിരേയും സമാനമായ വിധിയുണ്ടാവുകയും ഇതിന് പിന്നാലെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സമയം അനുവദിക്കുകയും ചെയ്തിരുന്നു. സമാനമായ നിലപാട് തന്നെയാണ് എ രാജയുടെ കേസിലും ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്.
പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജയുടെ തെരഞ്ഞെടുപ്പ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. എതിർ സ്ഥാനാർഥി ഡി.കുമാർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. പട്ടികജാതി സംവരണ മണ്ഡലത്തിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു കുമാറിന്റെ വാദം.