
റബർ വില 300 രൂപയായി ഉയർത്തിയാൽ കേരളത്തിൽ ബിജെപിയെ സഹായിക്കാം; തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
സ്വന്തം ലേഖകൻ
കണ്ണൂർ: റബർ വില 300 രൂപയായി ഉയർത്തിയാൽ ബിജെപിയെ സഹായിക്കാമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേരളത്തിൽ ഒരു എംപി പോലും ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി ഇനി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു ആർച്ച് ബിഷപ്പിൻ്റെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“തെരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല. നമുക്ക് കേന്ദ്ര സർക്കാരിനോട് പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കോട്ടെ, ഞങ്ങൾ നിങ്ങളെ വോട്ടു ചെയ്തു ജയിപ്പിക്കാം. നിങ്ങൾ റബറിൻ്റെ വില 300 രൂപയായി പ്രഖ്യാപിച്ചു, ആ റബ്ബർ, കർഷകനിൽനിന്ന് എടുക്കുക. നിങ്ങൾക്ക് ഒരു എംപിയും ഇല്ലായെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.
കാരണം എന്താണെന്നു ചോദിച്ചാൽ, ഞങ്ങൾക്കു രാഷ്ട്രീയമല്ല, ഞങ്ങളുടെ കുടുംബങ്ങൾ ഗതികേടിൻ്റെ മറുകരയിലേക്കു നീന്തുന്നവരാ. അവർക്ക് അതിജീവനത്തിനു വേണ്ടി, അല്ലയോ സർക്കാരേ, അത് ബിജെപി സർക്കാരായിക്കോട്ടെ, ഇടത് മുന്നണി സർക്കാരായിക്കോട്ടെ, കോൺഗ്രസ് സർക്കാരായിക്കോട്ടെ”.