
സ്വന്തം ലേഖകൻ
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് സ്ഥാപിച്ചത് ശാസ്ത്രീയമായല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. പ്ലാന്‍റ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ പാലിച്ചല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഖര മാലിന്യ സംസ്കരണ ചട്ടം 2016 ലെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അനുമതിയില്ലാതെയാണ് ബ്രഹ്മപുരം പ്ലാന്‍റ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായതിനുശേഷം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാന കണ്ടെത്തലുകൾ
*ബോർഡ് സംഘം സ്ഥലത്തെത്തുമ്പോള്‍ അഗ്നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
* മാലിന്യത്തില്‍നിന്ന് മീഥേന്‍ വാതകം ഉയരാനുള്ള സാധ്യതയും സമീപത്തുള്ള ഇലക്‌ട്രിക് പോസ്റ്റുകളില്‍നിന്ന് തീപ്പൊരി ഉയര്‍ന്ന് തീപിടിക്കാനുള്ള സാധ്യതയും അഗ്നിശമനസേന തള്ളിക്കളഞ്ഞു.
* കൃത്യമായി വേര്‍തിരിക്കാത്ത ജൈവമാലിന്യങ്ങളടക്കമുള്ളവ കുന്നുകൂടിയതില്‍നിന്ന് മീഥേന്‍ വാതകം ഉണ്ടാകാനുള്ള സാധ്യത അവഗണിക്കാനാകില്ല.
*മാലിന്യനിര്‍മാര്‍ജന മാനേജ്മെന്റ് സംബന്ധിച്ച നിബന്ധനകളൊന്നും അവിടെ പാലിക്കപ്പെട്ടിരുന്നില്ല. വേര്‍തിരിക്കേണ്ട മാലിന്യങ്ങള്‍ വേര്‍തിരിക്കപ്പെട്ടിരുന്നില്ല.
ഖരമാലിന്യ മാനേജ്‌മെന്റ് ചട്ടം 2016 അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി കിട്ടിയിരുന്നില്ല.
*പലതവണ അനുമതിക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു.
* പ്ലാന്റിന് മെച്ചപ്പെട്ട രൂപകല്പനയില്ല. ടാറിട്ടതോ കല്ലുകള്‍ പാകിയതോ ആയ റോഡോ ഡ്രെയ്‌നേജോ ഇല്ല. പ്രധാനപ്പെട്ട കെട്ടിടം വീഴാറായ നിലയിലായിരുന്നു.
* കരാർക്കമ്പനിയായ ബെംഗളൂരുവിലെ സോന്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് മാലിന്യം നീക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
* 55 കോടി രൂപയ്ക്കാണ് മാലിന്യം കൈകാര്യംചെയ്യാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.
* കരാര്‍ കാലാവധി ഈ വര്‍ഷം ഏപ്രില്‍വരെയുണ്ടെന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പ്രത്യേക സംഘം ബ്രഹ്മപുരത്ത് സന്ദർശനം നടത്തിയത്. തീപിടുത്തമുണ്ടായ സ്ഥലങ്ങളും, ജൈവ മാലിന്യം സംസ്കരിച്ച സ്റ്റാർ കണ്‍സ്ട്രക്ഷൻസിന്‍റെ പ്ലാന്‍റും ബയോമൈനിംഗ് നടത്തുന്ന സോൻഡ ഇൻഫ്രാടെക്കിന്‍റെ പദ്ധതി പ്രദേശങ്ങളും കേന്ദ്രസംഘം പരിശോധിച്ചു. കൊച്ചി കോർപ്പറേഷൻ ബ്രഹ്മപുരത്ത് ഖര മാലിന്യ സംസ്കരണം സംബന്ധിച്ച ചട്ടങ്ങൾ പാലിച്ചില്ല എന്നതാണ് പ്രധാന കണ്ടെത്തൽ.