
ഒരു രാത്രി മുഴുവൻ ബാത്റൂമിൽ ഒളിച്ച് കഴിഞ്ഞു; വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു; പുറത്ത് കയറിയിരുന്നു, തൊണ്ടയില്‍നിന്ന് ശബ്ദം പോലും പുറത്തേക്കു വന്നില്ല ; മുന്‍ കാമുകനെതിരെ നടി അനിഖ
സ്വന്തം ലേഖകൻ
മുൻകാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അനിഖ വിക്രമൻ. തന്റെ കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും, ഭയന്ന് ഒരു രാത്രി മുഴുവൻ ബാത്റൂമിൽ ഒളിച്ച് കഴിഞ്ഞുവെന്നുമാണ് നടി വെളിപ്പെടുത്തുന്നത്. സമൂഹമാധ്യമം വഴിയാണ് നടി ആരോപണം ഉന്നയിച്ചത്.ശരീരത്തിനേറ്റ മുറിപ്പാടുകളുടെയും മർദ്ദനത്തിന്റെയും ചിത്രങ്ങളും അനിഖ പങ്കുവെച്ചിട്ടുണ്ട്.
അനൂപ് പിള്ളയെന്നയാളാണ് തന്റെ മുന്‍കാമുകനെന്ന് നടി വെളിപ്പെടുത്തി. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. അനൂപ് ഇപ്പോള്‍ ഒളിവിലാണെന്ന് പറഞ്ഞ നടി ഇയാളിപ്പോള്‍ യു.എസിലുണ്ടെന്ന സംശയവും പ്രകടിപ്പിച്ചു. തനിക്കും കുടുംബത്തിനും ഭീഷണി ഉണ്ടെന്നും അതിനാലാണ് വെളിപ്പെടുത്തലെന്നും അനിഖ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കുറച്ച് വര്‍ഷങ്ങളായി ഇയാള്‍ എന്നെ ഉപദ്രവിക്കുകയായിരുന്നു. ആദ്യം ചെന്നൈയില്‍ വെച്ചാണ് മര്‍ദിച്ചത്. അന്ന് എന്റെ കാലില്‍ വീണ് കരഞ്ഞപ്പോള്‍ ഞാന്‍ ആ സംഭവം വിട്ടുകളഞ്ഞു. രണ്ടാമത് ബെംഗളൂരുവില്‍ വെച്ച് ഉപദ്രവിച്ചു. അന്നേരം ഞാന്‍ പോലീസില്‍ പരാതി നല്‍കി. പക്ഷേ പോലീസിന് പണം നല്‍കി വരുതിയിലാക്കിയശേഷം അയാള്‍ ഉപദ്രവം തുടര്‍ന്നു. ഞാന്‍ ഷൂട്ടിന് പോകാതിരിക്കാന്‍ വേണ്ടി അയാള്‍ ഫോണ്‍ എറിഞ്ഞുടച്ചു. ബന്ധം ഉപേക്ഷിച്ച ശേഷം ഞാനറിയാതെ അയാളുടെ ലാപ്‌ടോപ്പില്‍ കണക്‌ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്‌സാപ്പ് ചാറ്റുകള്‍ നിരീക്ഷിച്ചിരുന്നു.
‘ഹൈദരാബാദിലേക്കു മാറുന്നതിനു രണ്ടു ദിവസം മുന്‍പ് എന്റെ ഫോണ്‍ വാങ്ങിവെച്ച ശേഷം ക്രൂരമായി മര്‍ദിച്ചു. എന്നെക്കാലും നാലിരട്ടി വലുപ്പമുള്ള അയാള്‍ എന്റെ പുറത്തുകയറി ഇരുന്നു. വായും മൂക്കും പൊത്തിപ്പിടിച്ച് അയാള്‍ എന്നെ ശ്വാസംമുട്ടിച്ചു. തൊണ്ടയില്‍നിന്ന് ശബ്ദം പോലും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാള്‍ കൈ മാറ്റിയത്. എന്റെ ജീവിതത്തിലെ അവസാന രാത്രിയാണ് അതെന്നു ഞാന്‍ കരുതിപ്പോയി. ബാത്‌റൂമില്‍ കയറി വാതിലടച്ചിരുന്നാണ് രക്ഷപ്പെട്ടത്’.
‘ഈ മുഖം വച്ച് നീ ഇനി എങ്ങനെ അഭിനയിക്കുമെന്ന് കാണാമെന്നു പറഞ്ഞാണ് അയാള്‍ മര്‍ദ്ദിച്ചിരുന്നത്. ഞാന്‍ കണ്ണാടിയില്‍ നോക്കി കരയുമ്പോള്‍ നിന്റെ നാടകം കൊള്ളാം എന്ന് പറഞ്ഞ് അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കും. ക്രൂരമായി എന്നെ ഉപദ്രവിച്ച ശേഷം അയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയി. ശാരീരികമായും മാനസികമായും എന്റെ അവസ്ഥ പഴയ പടിയാകാന്‍ കുറേ സമയമെടുത്തു.’ നടി കുറിച്ചു.