
ഉന്നത ഉദ്യോഗസ്ഥന്റെ മകളുമായി പ്രണയബന്ധം; പിന്മാറണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഭീഷണി; പിന്നാലെ ജീവനൊടുക്കി യുവാവ്; പോലീസിനെതിരെ ആരോപണവുമായി കുടുംബം
സ്വന്തം ലേഖിക
കൊല്ലം: പോലീസ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയതായി ആരോപണം.
ചവറ അറക്കല്‍ സ്വദേശി അശ്വന്ത് (22) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കുടുംബം പോലീസിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലുമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളുമായി അശ്വന്ത് പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചിരുന്നു.
എന്നാല്‍ പെണ്‍കുട്ടി അതിന് വഴങ്ങാതെ വന്നതോടെ ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം ചവറ സിഐ അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ചവറ സ്റ്റേഷനില്‍ എത്തിയ അശ്വന്തിന്റെ ഫോണ്‍ ഉന്നത ഉദ്യോഗസ്ഥനും സിഐയും പിടിച്ചുവെച്ചു.
ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നും അല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ചവറ സിഐ ഭീഷണിപ്പെടുത്തിയെന്നാണ് അശ്വന്തിന്റെ സഹോദരന്‍ പറഞ്ഞത്. മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ അശ്വന്തിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അശ്വന്ത് സ്റ്റേഷനിലായിരുന്ന സമയത്ത് ഉന്നത ഉദ്യോഗസ്ഥന്റെ മകളായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്‌തെന്ന് കുടുംബം പറഞ്ഞു. ഈ വിവരം അറിഞ്ഞ് ഉദ്യോഗസ്ഥന്‍ ചവറ സ്‌റ്റേഷനില്‍ നിന്ന് മടങ്ങി. ഇതിന് ശേഷമാണ് സിഐ പോക്‌സോ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.
ഇതിനു മുൻപും യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു. അശ്വന്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.