ഭക്ഷ്യവിഷബാധയേ തുടർന്ന് അടച്ച് പൂട്ടിയ സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടൽ ഒരാഴ്ചക്കകം തുറന്നതിന് വിശദീകരണം ചോദിച്ച നഗരസഭാ ചെയർ പേഴ്സണ് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി കോട്ടയം നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ; ഭക്ഷ്യ വിഷബാധയേറ്റ് മരണത്തോട് മല്ലടിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്സ് മരിച്ചതിന് ഉത്തരവാദി കോട്ടയം നഗരസഭ !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഭക്ഷ്യവിഷബാധയേ തുടർന്ന് ഒരു മാസം മുൻപ് അടച്ച് പൂട്ടിയ കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടൽ ദിവസങ്ങൾക്കകം തുറന്നിരുന്നു. ഇതിന്റെ പിന്നിൽ നഗരസഭ ഹെൽത്ത് വിഭാഗം ഒത്താശ ചെയ്തതായി മുൻപ് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഹോട്ടൽ തുറന്ന് നല്കിയതിന് വിശദീകരണം ചോദിച്ച നഗരസഭാ ചെയർ പേഴ്സണ് മുന്നിൽ ഹെൽത്ത് സൂപ്പർവൈസർ ആത്മഹത്യാ ഭീഷണി മുഴക്കിയതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടച്ച് പൂട്ടിയ ഹോട്ടൽ രണ്ടാം ദിനം തുറന്നത് ചെയർ പേഴ്സണോ, ഹെൽത്ത് കമ്മറ്റി ചെയർമാനോ അറിഞ്ഞിരുന്നില്ല. ഇതിനേ തുടർന്നാണ് നഗരസഭാ അധ്യക്ഷ ഹെൽത്ത് സൂപ്പർവൈസറോട് വിശദീകരണം ചോദിച്ചത്. തുടർന്ന് തന്നെ ചോദ്യം ചെയ്താൽ ചെയർ പേഴ്സന്റെ പേരെഴുതിവെച്ച് ആത്മഹത്യ ചെയ്യുമെന്ന് ഹെൽത്ത് സൂപ്പർവൈസർ ഭീഷണി മുഴക്കുകയായിരുന്നു.

ഇതോടെ വ്യക്തമാകുന്നത് നഗരസഭാ ഹെൽത്ത് വിഭാഗം ഹോട്ടൽ തുറന്ന് നല്കുന്നതിന് നടത്തിയ ഒത്തുകളിയാണ്. ഭക്ഷ്യ വിഷബാധയേറ്റ് മരണത്തോട് മല്ലടിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്സ് രശ്മി രാജ് മരിച്ചതിന് ഉത്തരവാദി കോട്ടയം നഗരസഭയാണെന്ന് വ്യക്തം

കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരിയായിരുന്ന ഇവർ രണ്ട് ദിവസമായി മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.

കഴിഞ്ഞയാഴ്ച ഉണ്ടായ ഭക്ഷ്യവിഷബാധയിൽ പതിനെട്ട് പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്.

ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ അധികൃതർ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ചയാണ് കോട്ടയം സംക്രാന്തിയിൽ പ്രവർത്തിക്കുന്ന മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം മെഡിക്കൽ കോളേജിലും, സ്വകാര്യ ആശുപത്രികളിലുമായിട്ടാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കവും, ഛർദിയും അടക്കമുള്ള അസുഖങ്ങൾ പിടിപെട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയുമായി രംഗത്ത് എത്തിയത്.
തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടലിന് എതിരെ നടപടിയെടുക്കുകയായിരുന്നു. ഇതിനിടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഴ്‌സിന്റെ സ്ഥിതി ഗുരുതരമായത്. ഇവരെ അത്യാഹിത വിഭാഗത്തിൽ ഐസിയുവിലേയ്ക്കുമാറ്റിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് വൈകിട്ട് ഏഴ് മണിയോടെ മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ മാസവും സംക്രാന്തിയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി കഴിച്ച കുമാരനല്ലൂർ, നട്ടാശ്ശേരി ഭാഗങ്ങളിൽ താമസിക്കുന്നവർക്കും ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. കോട്ടയം കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സുനിൽകുമാർ (48), ഭാര്യ സന്ധ്യ (42), സഹോദര പുത്രൻ കാശിനാഥ് എം നായർ (7), 30 വയസുള്ള യുവതി, ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് എന്നിവർക്കാണ് കഴിഞ്ഞ മാസം ഭക്ഷ്യവിഷ ബാധയേറ്റത്.

സംക്രാന്തിയിൽ പാഴ്‌സലിൽ എത്തിയ ‘ഭക്ഷ്യവിഷബാധ’യ്ക്കും രശ്മി രാജിന്റെ ജീവനും ആര് മറുപടി പറയും എന്ന ചോദ്യമാണ് ബാക്കിയാകുന്നത്