കോട്ടയം സംക്രാന്തിയിലെ കുഴിമന്തി നേഴ്സിന്റെ ജീവനെടുത്തു; ഭക്ഷ്യ വിഷബാധയേറ്റ് മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററിൽ കിടന്ന നഴ്സ് മരിച്ചു; പാഴ്‌സലിൽ എത്തിയ ‘ഭക്ഷ്യവിഷബാധ’യ്ക്കും നഴ്സിന്റെ ജീവനും ആര് മറുപടി പറയും…?

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിൽസയിലായിരുന്ന കോട്ടയം കിളിരൂര്‍ സ്വദേശിനിയും മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് ഓഫീസറുമായിരുന്ന രശ്മി രാജ് (33) മരിച്ചു. ഇവർ രണ്ട് ദിവസമായി മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.

കഴിഞ്ഞയാഴ്ച ഉണ്ടായ ഭക്ഷ്യവിഷബാധയിൽ ഇരുപത്തി ഒന്ന് പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ അധികൃതർ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ചയാണ് കോട്ടയം സംക്രാന്തിയിൽ പ്രവർത്തിക്കുന്ന മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം മെഡിക്കൽ കോളേജിലും, സ്വകാര്യ ആശുപത്രികളിലുമായിട്ടാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കവും, ഛർദിയും, ശ്വാസതടസവും അടക്കമുള്ള അസുഖങ്ങൾ ഉണ്ടായതിനേ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുത്തത്.
തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടലിന് എതിരെ നടപടിയെടുക്കുകയായിരുന്നു. ഇതിനിടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഴ്‌സിന്റെ സ്ഥിതി ഗുരുതരമായത്. ഇവരെ അത്യാഹിത വിഭാഗത്തിൽ ഐസിയുവിലേയ്ക്കുമാറ്റിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് വൈകിട്ട് ഏഴ് മണിയോടെ മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ മാസവും സംക്രാന്തിയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി കഴിച്ച കുമാരനല്ലൂർ, നട്ടാശ്ശേരി ഭാഗങ്ങളിൽ താമസിക്കുന്നവർക്കും ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. കോട്ടയം കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സുനിൽകുമാർ (48), ഭാര്യ സന്ധ്യ (42), സഹോദര പുത്രൻ കാശിനാഥ് എം നായർ (7), 30 വയസുള്ള യുവതി, ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് എന്നിവർക്കാണ് കഴിഞ്ഞ മാസം ഭക്ഷ്യവിഷ ബാധയേറ്റത്.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം നോക്കുകുത്തിയാകുന്ന കാഴ്ചയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും കാണാനാകുന്നത്. കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ദേവനന്ദ എന്ന പെൺകുട്ടി മരിച്ചത് കഴിഞ്ഞവർഷം മെയ് മാസത്തിലാണ്.

സംക്രാന്തിയിൽ പാഴ്‌സലിൽ എത്തിയ ‘ഭക്ഷ്യവിഷബാധ’യ്ക്കും രശ്മി രാജിന്റെ ജീവനും ആര് മറുപടി പറയും എന്ന ചോദ്യമാണ് ബാക്കിയാകുന്നത് !