യുവ സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമെന്ന് സൂചന ; കഴുത്ത് ഞെരിഞ്ഞാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ; കേസിൽ തുടരന്വേഷണത്തിന് സാധ്യത
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ (28) മരണം കൊലപാതകമെന്ന് സംശയം. കേസിൽ ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തി.ഇതോടെ കേസിൽ തുടരന്വേഷണത്തിന് സാധ്യത വർധിച്ചു.
2019 ഫെബ്രുവരി 24നാണ് കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴുത്ത് ഞെരിഞ്ഞാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ അടിവയറ്റിൽ ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് കണ്ടെത്തിയത്.
പത്ത് വർഷത്തോളം സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു നയനയുടെ മരണം. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്ന നയന ജീവനൊടുക്കിയതാകാമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പ്രമേഹ രോഗിയായ യുവതി മുറിയിൽ കുഴഞ്ഞുവീണാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്