ഇലന്തൂര്‍ നരബലി കേസ്; ആദ്യ കുറ്റപത്രം തയ്യാറാക്കി കൊച്ചി സിറ്റി പൊലീസ്; തമിഴ്‌നാട് സ്വദേശി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം; ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികൾ; ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിൻറെ പിടിവളളി
സ്വന്തം ലേഖകൻ
കൊച്ചി: ഇലന്തൂര്‍ നരബലി കേസിന്റെ ആദ്യ കുറ്റപത്രം തയ്യാറാക്കി കൊച്ചി സിറ്റി പൊലീസ്. തമിഴ്‌നാട് സ്വദേശി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയ്യാറായത്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളുമുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിൻറെ പിടിവളളി.
ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദാ ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍, മോഷണം തുടങ്ങിയ നിരവധിക്കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്.
കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതുകൊണ്ട് സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. പദ്മയെ കൊലപ്പെടുത്തിയ ശേഷം ഒന്നാം പ്രതി ഷാഫി പറഞ്ഞതനുസരിച്ച് മനുഷ്യ മാംസം കറിവെച്ച് കഴിച്ചതാണ് വധശിക്ഷ കിട്ടാവുന്ന അപൂര്‍വ സംഭമായി പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്.
കേസിൻറെ വിചാരണയ്ക്കായി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുളള പ്രാരംഭ നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്. ജനുവരി രണ്ടാം വാരം ആകുമ്പോളേക്കും പ്രതികള്‍ അറസ്റ്റിലായിട്ട് 90 ദിവസം തികയും. അതിനാലാണ് പുതുവര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ത്തന്നെ കുറ്റപത്രം നല്‍കുന്നത്. നരബലി കേസില്‍ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.