
കുടുംബശ്രീ ദേശീയ സരസ് മേളയെ ഹൃദയത്തിലേറ്റി കോട്ടയം; വിവിധ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപുലമായ രുചിഭേദങ്ങളുമായി ഭക്ഷ്യമേളയും കലാസന്ധ്യകളും; സന്ദര്‍ശകരുടെ തിരക്കേറുന്നു; വ്യത്യസ്ത അനുഭവം നുകരാൻ പോകാം നാഗമ്പടം മൈതാനത്തേക്ക്…..!
സ്വന്തം ലേഖിക
കോട്ടയം: നാഗമ്പടം മൈതാനത്തെ കുടുംബശ്രീ ദേശീയ സരസ് മേളയില്‍ സന്ദര്‍ശകരുടെ തിരക്ക്.
നാട്ടില്‍ ക്രിസ്‌മസ് ആഘോഷം ആരംഭിച്ചതോടെ നഗരത്തിന്റെ സന്ധ്യകള്‍ ഉത്സവ ലഹരിയിലായി. വിവിധ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപുലമായ രുചിഭേദങ്ങളുമായി ഭക്ഷ്യമേളയും കലാസന്ധ്യകളുമായി സരസ്‌മേള ആഘോഷങ്ങളുടെ കേന്ദ്രമായിക്കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

15ന് ആരംഭിച്ച മേള രണ്ടു ദിവസം പിന്നിടുമ്പോഴേക്കും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ഉല്പന്നങ്ങള്‍ പരിചയപ്പെടാനും വാങ്ങാനുമുള്ള അവസരമാണ് സരസ് മേളയിലൂടെ കുടുംബശ്രീ ഒരുക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള വനിതാ സംരംഭകരാണ് വിവിധ ഉല്പന്നങ്ങളുമായി എത്തിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ സംരംഭകരും മേളയുടെ ഭാഗമാകുന്നു.
ഉത്തര്‍പ്രദേശിലെ കൈത്തറി കിടക്കവിരികള്‍, കൂര്‍ത്തീസ്, തമിഴ്നാടന്‍ ചണം നിര്‍മിത ഹാന്‍ഡ് ബാഗുകള്‍, ബാഗുകള്‍, സഞ്ചികള്‍, രാജസ്ഥാന്‍, ഒഡിഷ, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഗോവ, അന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി വസ്ത്രങ്ങള്‍, ചുരിദാറുകള്‍, കുര്‍ത്തകള്‍, കറി പൗഡറുകള്‍, ഉണങ്ങിയപഴങ്ങള്‍, മറ്റ്‌ഭക്ഷ്യ ഉല്പന്നങ്ങള്‍, അച്ചാറുകള്‍, മുളകൊണ്ടുള്ള ഉല്പന്നങ്ങള്‍, ഉറികള്‍ തുടങ്ങിയവയ്‌ക്കും ആവശ്യക്കാരേറെ.
150 രൂപ മുതല്‍ 750 രൂപ വരേയുള്ള കൈത്തറി ഉല്പന്നങ്ങളാണ് വിപണിയിലുള്ളത്. കേരളത്തില്‍ നിന്നുള്ള വിവിധ തരം ചമ്മന്തിപ്പൊടികള്‍, അച്ചാറുകള്‍, ഭക്ഷണ ഉല്പന്നങ്ങള്‍, വയനാടന്‍ ഹെയര്‍ പാക്കുകള്‍, സുഗന്ധദ്രവ്യങ്ങള്‍ മുതലായവയും ഇവിടെ സുലഭം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭക്ഷണം ആസ്വദിക്കാനുള്ള വിപുലമായ സൗകര്യവും മേളയുടെ സവിശേഷതയാണ്.