
പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; ഇടുക്കി പൊന്മുടി സ്വദേശിക്കായി വനത്തിനുള്ളില്‍ തെരച്ചില്‍; രക്ഷപ്പെട്ടത് കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍റില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി
സ്വന്തം ലേഖിക
ഇടുക്കി: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന്‍ ആണ് രക്ഷപെട്ടത്. പൊലീസ് സംരക്ഷണയില്‍ പരോളില്‍ വീട്ടിലെത്തിച്ചപ്പോഴാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്കായി മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 2015 ഫെബ്രുവരി രണ്ടിന് കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍റില്‍ വച്ച് രാജേഷിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജാക്കാട് പൊന്മുടി സ്വദേശി ജോമോന്‍.
കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ച ജോമോന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് തടവില്‍ കഴിയുന്നത്. പ്രായമായ മാതാപിതാക്കളെ കാണണമെന്നാവശ്യപ്പെട്ട് ജോമോന്‍ പരോളിന് അപേക്ഷിച്ചിരുന്നു.
എന്നാല്‍ പരോള്‍ അനുവദിക്കരുതെന്ന് രാജാക്കാട് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു മടങ്ങാന്‍ കോടതി അനുമതി നല്‍കി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് രാജാക്കാട് പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്. ഇവിടെ നിന്നും തിരികെ ഇറക്കാന്‍ വിലങ്ങ് വയ്ക്കുന്നതിനിടെ പൊലീസുകാരെ തട്ടിമാറ്റി ജോമോന്‍ ഓടി രക്ഷപെടുകയായിരുന്നു. വീടിനു സമീപത്തുള്ള പൊന്മുടി വനമേഖലയിലേയ്ക്കാണ് ജോമോന്‍ രക്ഷപ്പെട്ടത്.
സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൊന്മുടി അണക്കെട്ടിലൂടെ നീന്തി കടന്ന് രക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ മറുകരയിലും പൊലീസ് ക്യാമ്പ് ചെയ്ത് നിരീക്ഷണ നടത്തുന്നുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് മൂന്നാര്‍ ഡി വൈ എസ് പി കെ ആര്‍ മനോജ് പറഞ്ഞു.