
ഓട്ടം വിളിച്ചതിനെ ചൊല്ലി തർക്കം; ഓട്ടോ ഡ്രൈവറെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത വെള്ളൂർ സ്വദേശികളായ നാല് പേർ അറസ്റ്റിൽ; പ്രതികൾ പാമ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ടവർ
സ്വന്തം ലേഖിക
കോട്ടയം: പാമ്പാടിയിൽ ഓട്ടോ ഡ്രൈവറായ മധ്യവയസ്കനെ ആക്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പാമ്പാടി വെള്ളൂർ തൊണ്ണനാംകുന്നേൽ കൊച്ചുമോൻ മകൻ കണ്ണൻ (21)), വെള്ളൂർ കണ്ണംകുളം വീട്ടിൽ മധു മകൻ ആരോമൽ മധു (20), വെള്ളൂർ കൈതത്തറ വീട്ടിൽ റോയി മകൻ റിറ്റൊമോൻ റോയ് (21), വെള്ളൂർ കൊച്ചുപറമ്പിൽ വീട്ടിൽ വിനോദ് മകൻ അനുരാജ് (21) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞ ദിവസം ഏഴാംമൈൽ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിനെയാണ് ആക്രമിച്ചത്.
കഴിഞ്ഞദിവസം ബാബുവിന്റെ അയൽവാസിയായ ആരോമലും സുഹൃത്തുക്കളും ചേർന്ന് ബാറിലേക്ക് പോകണമെന്ന് പറഞ്ഞ് ബാബുവിനെ ഓട്ടം വിളിക്കുകയും, യാത്രാമധ്യേ വഴിയിൽ വച്ച് ഇവരുടെ സുഹൃത്തുക്കൾ ആയ മറ്റു രണ്ടുപേരെ കൂടി ഓട്ടോയിൽ കയറ്റണമെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം ഇവരെയും കയറ്റുകയും ചെയ്തു. തുടർന്ന് യാത്രയ്ക്കിടയിൽ വീണ്ടും രണ്ടുപേരെ കൂടി ഓട്ടോറിക്ഷയിൽ കയറ്റണമെന്ന് ആവശ്യപ്പെടുകയും ഇത് പറ്റില്ല എന്ന് ഡ്രൈവർ പറഞ്ഞതിലുള്ള വിരോധം മൂലം ബാറിന്റെ മുന്‍വശം എത്തിയശേഷം ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി യുവാക്കൾ ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ഡ്രൈവറുടെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയുമായിരുന്നു.
പ്രതികളിൽ ആരോമൽ മധു , റിറ്റൊമോൻ റോയ്, അനുരാജ്, എന്നിവർ പാമ്പാടി സ്റ്റേഷൻ പരിധിയിലെ ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ടിട്ടുള്ളവരാണ്. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ, എസ്.ഐ ലെബിമോൻ, ശ്രീരംഗൻ, സി.പി.ഓ മാരായ സാജു, ബിജേഷ്, അനൂപ്, സുനിൽ പി.സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.