കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയതു ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടു മാസത്തേക്കു വിചാരണ നിര്‍ത്തിവയ്ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി.
ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയ്ക്കുമെതിരെ ചുമത്തിയ മനഃപൂര്‍വല്ലാത്ത നരഹത്യാക്കുറ്റം അഡീഷനല്‍ സെഷന്‍സ് കോടതി ഒഴിവാക്കിയിരുന്നു. അശ്രദ്ധയോടെയുള്ള പ്രവൃത്തി മരണത്തിനു കാരണമായെന്ന വകുപ്പു കോടതി നിലനിര്‍ത്തിയിട്ടുണ്ട്. ഐപിസി 304എ പ്രകാരമുള്ള ഈ കുറ്റത്തിന് രണ്ടു വര്‍ഷം തടവാണ് പരമാവധി ശിക്ഷ.
മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവു ഹാജരാക്കാന്‍ പ്രോസിക്യൂഷനും പൊലീസിനും കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി നടപടി. മദ്യപിച്ചോയെന്ന പരിശോധനയെ ശ്രീറാം എതിര്‍ത്തെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിച്ചില്ല. നടന്നത് അപകട മരണം മാത്രമാണെന്നു ശ്രീറാമിന്റെ അഭിഭാഷകര്‍ വാദിച്ചു. സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണു ശ്രീറാം മദ്യപിച്ചു എന്നു പറയുന്നത്. ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണു ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group