മേയറുടെ കത്ത് വിവാദം; കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ശുപാര്‍ശയില്‍ ഇന്ന് തീരുമാനം; നഗരസഭ യോഗം ചേരും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ശുപാര്‍ശയില്‍ ഇന്ന് തീരുമാനമുണ്ടാകും.

കേസെടുത്ത് തുടരന്വേഷണം ആരംഭിക്കാന്‍ ഡിജിപി ഉത്തരവിടാനാണ് സാദ്ധ്യത. ക്രൈം ബ്രാഞ്ചോ പ്രത്യേക സംഘമോ ആയിരിക്കും കേസന്വേഷിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താത്കാലിക ഒഴിവുകളിലെ നിയമനത്തിന് മുന്‍ഗണന പട്ടിക ആവശ്യപ്പെട്ട് നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചെന്ന വിവാദത്തില്‍ കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടില്ല. കത്ത് തയ്യാറാക്കിയത് ആരാണെന്ന് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈം ബ്രാഞ്ച് ശുപാ‌ര്‍ശ നല്‍കിയത്.

വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ലോക്കല്‍ പൊലീസ് അല്ലെങ്കില്‍ സൈബര്‍ സെല്ലിന് കൈമാറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വ്യാജ കത്ത് നിര്‍മ്മിച്ച്‌ അനധികൃത നിയമനം നടത്തിയെന്ന മുന്‍ കൗണ്‍സിലര്‍ ശ്രീകുമാറിന്റെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ കോടതി വിജിലന്‍സിനോട് വിശദീകരണം തേടിയിരുന്നു. ഈ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

കത്ത് നശിപ്പിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കത്ത് താനോ തന്റെ ഓഫീസിലോ തയ്യാറാക്കിയതല്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി. അതുകൊണ്ടുതന്നെ കത്ത് വ്യാജരേഖയാണെന്ന് പ്രാഥമികമായി കരുതാം.

അതിനാല്‍ വ്യാജരേഖ ചമച്ചതിന് കേസെടുക്കാം. എന്നാല്‍ യഥാര്‍ത്ഥ കത്തോ, അത് പ്രചരിപ്പിച്ചവരെയോ കണ്ടെത്തുന്നതുവരെ അന്വേഷണം മുന്നോട്ടുപോകില്ലെന്നതാണ് അന്വേഷണസംഘം നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. മേയറുടെ കത്തുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

അതേസമയം, പ്രതിഷേധങ്ങള്‍ക്കിടെ ഇന്ന് വീണ്ടും നഗരസഭാ യോഗം ചേരും. കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു.