
കൊട്ടേഷനും കവർച്ചയും പതിവാക്കിയ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു;നടപടി ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ.
മേലുകാവ് : കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കവർച്ച, കൊട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കടനാട് വില്ലേജ് മങ്കര ഭാഗത്ത് തച്ചുപറമ്പിൽ വീട്ടിൽ ജോൺ വർഗീസ് മകൻ ദീപക് ജോൺ (27) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി കോട്ടയം ജില്ലയിലെ രാമപുരം, മേലുകാവ്, പാലാ എന്നീ പോലീസ് സ്റ്റേഷനികളിൽ വധശ്രമം , സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, തട്ടിക്കൊണ്ട് പോകുക, മയക്ക് മരുന്ന് ഉപയോഗം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പാ ഉത്തരവ് വന്നതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ അഭിലാഷ്, സി പി ഒ മാരായ സുമേഷ്, രഞ്ജിത്ത്, ഷിഹാബ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ നിയമ നടപടിയാണ് സ്വീകരിച്ചു വരുന്നത്.ജില്ലാ പോലീസ് മേധാവിയായി കെ കാർത്തിക്ക് ഐ പി എസ് ചുമതലയേറ്റെടുത്ത ശേഷം ജില്ലയിലെ ക്രൈം നിരക്കുകൾ നിയന്ത്രണവിധേയമായെന്നതും ശ്രദ്ധേയമാണ്.