
സ്വന്തം ലേഖകൻ
കണ്ണൂർ: തലശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം അനുവദിച്ച് തലശേരി ജില്ലാ സെഷൻസ് കോടതി.
ക്രിമിനൽ കേസുകളിൽ ഉൾപ്പെടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസിൽ തലശ്ശേരി പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തലശ്ശേരി എസ്എച്ച്ഒ എം അനിലിനും ഗ്രേഡ് എസ്‌ഐമാർക്കും റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ വിമർശനമുണ്ട്. പിറ്റേന്ന് ഹാജരാവുക എന്ന നിർദ്ദേശം നൽകിയാണ് വിട്ടയച്ചത്. ഈ വിഷയത്തിൽ രണ്ട് എഎസ്‌ഐമാർക്കും എസ്എച്ച്ഒയ്ക്കും വീഴ്ച സംഭവിച്ചു എന്നതാണ് റിപ്പോർട്ടിലുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. അതിന് പിന്നാലെ ഡിജിപി തന്നെ ഇതിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നാലെയാണ് റൂറൽ എസ്പി പിവി രാജീവ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരിക്കുന്നത്. പൊലീസിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ജാഗ്രതയോടെ കാര്യഗൗരവമായി വിഷയത്തെ സമീപിക്കുന്നതിൽ വീഴ്ച സംഭവിച്ചു.
നാട്ടുകാർ അറിയിച്ചതനുസരിച്ച് വാഹനത്തിൽ അങ്ങോട്ടേക്ക് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. പക്ഷേ വാഹനത്തിന് ചുമതല നൽകിയത് ഒരു സിപിഒയ്ക്കാണ്. അതും വീഴ്ചയാണ്.