play-sharp-fill
നാരങ്ങാവെള്ളത്തിന്റെ പേരിൽ കൊടും കൊള്ള; നാരങ്ങ വില പിഴിഞ്ഞെടുക്കും; സോഡാ നാരങ്ങാ വെള്ളത്തിന് കോട്ടയം നഗരത്തിൽ 20 രൂപ വില; സാധാരണക്കാരെ പിഴിഞ്ഞെടുത്ത് പെട്ടിക്കടകൾ; എട്ട് രൂപ മുടക്കിയാൽ പന്ത്രണ്ട് രൂപ ലാഭം

നാരങ്ങാവെള്ളത്തിന്റെ പേരിൽ കൊടും കൊള്ള; നാരങ്ങ വില പിഴിഞ്ഞെടുക്കും; സോഡാ നാരങ്ങാ വെള്ളത്തിന് കോട്ടയം നഗരത്തിൽ 20 രൂപ വില; സാധാരണക്കാരെ പിഴിഞ്ഞെടുത്ത് പെട്ടിക്കടകൾ; എട്ട് രൂപ മുടക്കിയാൽ പന്ത്രണ്ട് രൂപ ലാഭം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചൂടല്ലേ, ഒന്ന് തണുപ്പിക്കാമെന്നു കരുതി നഗരത്തിലെ ഏതെങ്കിലും പെട്ടിക്കടകളിൽ കയറി സോഡാ നാരങ്ങാവെള്ളം ഓർഡർ ചെയ്താൽ, ഇവർ നിങ്ങളെ പിഴിഞ്ഞെടുത്തുകളയും. സോഡായ്ക്ക് രണ്ടു രൂപ കൂടിയതിന്റെ പേരിൽ സോഡാ നാരങ്ങാ വെള്ളത്തിന് വിലകൂട്ടിയാണ് കച്ചവടക്കാർ സാധാരണക്കാരെ പിഴിയുന്നത്.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് സോഡായുടെ വില അഞ്ചിൽ നിന്നും ഏഴാക്കി ഉയർത്തിയത്. ഇതോടെ യാതൊരു മാനദണ്ഡവുമില്ലാതെ ഇന്നലെ മുതൽ നഗരത്തിലെ ചെറുകിട പെട്ടിക്കടക്കാർ സോഡാ നാരങ്ങാ വെള്ളത്തിന്റെ വിലയിൽ ഒരു വർധനവ് അങ്ങ് വരുത്തി. നേരത്തെ പതിനഞ്ച് രൂപയായിരുന്ന സോഡാ നാരങ്ങാ വെള്ളത്തിന് ഇരുപത് രൂപയാണ് ഇപ്പോൾ നിരക്ക്. പന്ത്രണ്ട് രൂപയായിരുന്ന സാദാ നാരങ്ങാ വെള്ളത്തിന് പതിനഞ്ച് രൂപയുമായി ഉയർത്തുകയും ചെയ്തു.
പൊരിവെയിലിൽ പണിയെടുക്കുന്ന ചുമട്ട് തൊഴിലാളികളും, ഓട്ടോറിക്ഷാ ഡ്രൈവർമാരും, അതിരാവിലെ ബൈക്കിൽ വീട്ടിൽ നിന്നിറങ്ങി പൊരിവെയിലിൽ കറങ്ങി നടക്കുന്ന മെഡിക്കൽ റെപ്പുമാരും, മാർക്കറ്റിംഗ് എക്‌സിക്യുട്ടീവുമാരുമാണ് കൂടുതലായി സോഡാ നാരങ്ങാ വെള്ളത്തെ ആശ്രയിക്കുന്നത്. കയ്യിൽ വെള്ളം കൊണ്ടു നടക്കാൻ സാധിക്കാത്ത ഇവർക്ക് ആശ്രയമാണ് ഇത്തരം സോഡാനാരങ്ങാവെള്ളക്കടകൾ. ഒരു ദിവസം അഞ്ചു തവണ വരെ ഇത്തരത്തിൽ സോഡാ നാരങ്ങാവെള്ളത്തെ ആശ്രയിക്കുന്ന സാധാരണക്കാരുണ്ട്. ഇവരുടെ വെള്ളംകുടി മുട്ടിക്കുന്നതാണ് ഇപ്പോഴത്തെ അമിതമായ കൂലി വർധനവ്.
24 കുപ്പി അടങ്ങിയ ഒരു കേസ് സോഡാ നൂറ് രൂപയ്ക്കാണ് കട ഉടമയ്ക്ക് ഡീലർമാർ നൽകുന്നത്. ഏതാണ്ട് 4 രൂപ 16 പൈസ മാത്രമാണ് ഒരു കുപ്പിയ്ക്ക് കട ഉടമ നൽകേണ്ടത്. 70 രൂപ വിലയുള്ള ഒരു കിലോ നാരങ്ങാ വാങ്ങിയാൽ ശരാശരി 25 മുതൽ 30 വരെ നാരങ്ങാ ലഭിക്കും. ഒരു നാരങ്ങായ്ക്ക് ഏറ്റവും കൂടിയ വിലയായി ഈടാക്കുന്നത് മൂന്നു രൂപ മാത്രമാണ്. ഇത്തരത്തിൽ നോക്കിയാൽ ഏറ്റവും വില കൂടി നിൽക്കുന്ന സമയത്ത് പോലും സോഡാ നാരങ്ങാ വെള്ളം ഉണ്ടാക്കാൻ കട ഉടമയ്ക്ക് ചിലവാകുന്നത് ഏഴ് മുതൽ എട്ട് രൂപ വരെ മാത്രമാണ്. ഒരു ഗ്ലാസ് സോഡാ നാരങ്ങാ വെള്ളത്തിൽ ലാഭം പന്ത്രണ്ട് രൂപ..! പത്ത് സോഡാ നാരങ്ങാ വെള്ളം വിറ്റാൽ ലാഭം മാത്രം 120 രൂപ പോക്കറ്റിൽ വീഴും. കോട്ടയം നഗരമധ്യത്തിൽ ഒരു ദിവസം 200 സോഡാ നാരങ്ങാ വെള്ളം മാത്രം വിൽക്കുന്ന കടകളുണ്ടെന്നത് ചേർത്തു വായിക്കുമ്പോഴാണ് ഈ കൊള്ളയുടെ യഥാർത്ഥ ചിത്രം വ്യക്തമാകുന്നത്.
കോട്ടയം നഗരത്തിൽ ഇപ്പോഴും പതിനഞ്ച് രൂപയ്ക്ക സോഡാ നാരങ്ങാ വെള്ളം വിൽക്കുന്ന കടകളുണ്ട്. എന്നാൽ, ഇവരെയെല്ലാം കടത്തി വെട്ടുകയാണ് ചില കൊള്ളക്കാരായ കടകൾ. ജില്ലയുടെ ഗ്രാമീണ മേഖലകളിൽ ഇപ്പോഴും പന്ത്രണ്ട് രൂപയ്ക്ക് പോലും സോഡാ നാരങ്ങാ വെള്ളം ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നഗരമധ്യത്തിലെ കടകൾ വെള്ളത്തിന്റെ പേരിൽ കൊള്ളയടിക്കുന്നത്.