പൊലീസ് വീണ്ടും പ്രതിക്കൂട്ടിൽ, കൂട്ടബലാത്സംഗക്കേസിൽ സി ഐ അറസ്റ്റിൽ, പിടികൂടിയത് പൊലീസ് സ്റ്റേഷനിൽവച്ച്; പോക്‌സോ കേസിലെ ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ച എ എസ് ഐ ഒളിവിൽ.നാണക്കേടിന്റെ പടുകുഴിയിൽ കേരളാ പോലീസ്
കൂട്ടബലാത്സംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. കോഴിക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ സുനുവാണ് പിടിയിലായത്. തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തൃക്കാക്കര പൊലീസ് സി ഐയെ ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുനു അടക്കമുള്ള സംഘം തന്നെ പീഡിപ്പിച്ചെന്നാണ് തൃക്കാക്കര സ്റ്റേഷൻ പരിധിയിലുള്ള വീട്ടമ്മയുടെ പരാതി. കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനിൽവച്ചാണ് തൃക്കാക്കര പൊലീസ് സുനുവിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, പോക്‌സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്പലവയൽ സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ടി ജി ബാബു ഒളിവിൽ തുടരുന്നു. പൊലീസ് ഇന്നലെ രാത്രി ബാബുവിന്റെ വീട്ടിൽ തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം. ടി ജി ബാബുവിനെതിരെ പോക്‌സോ നിയമപ്രകാരവും എസ് സി – എസ് ടി നിയമപ്രകാരവുമാണ് കേസെടുത്തത്. കഴിഞ്ഞ ജൂലായ് 26ന് പോക്സോ കേസിലെ അതിജീവിതയായ പതിനാറുകാരിയെ ഊട്ടിയിലെ ലോഡ്ജിൽ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് സംഭവം.
എസ് ഐ സോബിൻ, ഗ്രേഡ് എ എസ് ഐ ടി ജി ബാബു, സിവിൽ പൊലീസ് ഓഫീസർ പ്രജിഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പ് പൂർത്തിയാക്കി ഊട്ടിയിൽ നിന്ന് മടങ്ങവെ നഗരത്തിൽ വണ്ടി നിറുത്തി, ടി.ജി. ബാബു പെൺകുട്ടിയെ മാറ്റി നിറുത്തി കൈയിൽ കയറി പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഷെൽട്ടർ ഹോമിലെ കൗൺസലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.