നാഗ്പൂർ : ബന്ധുക്കളോടുള്ള പക വീട്ടാനായി മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. മകളെക്കൊണ്ട് ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിച്ച ശേഷം 40 വയസുകാരനായ പിതാവ് മകളെ തൂക്കിക്കൊലപ്പെടുത്തുകയായിരുന്നു.
16 വയസുകാരിയായ കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ രണ്ടാനമ്മയ്ക്കും അമ്മാവനും അമ്മായിക്കും മുത്തച്ഛനും മുത്തശ്ശിക്കും എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തിരുന്നത്. കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്.
കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പിതാവ് നിര്‍ബന്ധിച്ചതായി തെളിയിക്കുന്ന ചില ചിത്രങ്ങള്‍ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. വിശദമായ ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പിതാവ് സമ്മതിച്ചു. ബന്ധുക്കളെ പാഠം പഠിപ്പിക്കാനായി കുട്ടിയുടെ പേരില്‍ താന്‍ ആത്മഹത്യാക്കുറിപ്പ് തയാറാക്കിയെന്നും കുട്ടിയെ ഫാനിന് കീഴെ കഴുത്തില്‍ കയറിട്ട് കസേരയില്‍ നിര്‍ത്തി ഫോട്ടോ എടുത്തെന്നും പിതാവ് സമ്മതിച്ചു. പിന്നീട് താന്‍ തന്നെയാണ് കസേര തട്ടിമാറ്റി കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group