
ബില്ല് പാസാക്കാന്‍ കരാറുകാരനില്‍ നിന്നും ആവശ്യപ്പെട്ടത് പതിനായിരം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ നെല്ലിയാമ്പതി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിജിലന്‍സ് പിടിയില്‍
സ്വന്തം ലേഖിക
പാലക്കാട്: നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍.
കരാറുകാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സഹനാഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാറുകാരനായ പി.കെ. ഭാസ്‌കരന്‍ 2019-20 കാലഘട്ടത്തില്‍ നിര്‍മ്മാണമേറ്റടുത്ത് പൂര്‍ത്തീകരിച്ച റോഡ് നിര്‍മ്മാണത്തിന്റെ ഇരുപത് ലക്ഷം രൂപയുടെ അന്തിമ ബില്ല് മാറിനല്‍കുന്നതിനായാണ് സഹനാഥന്‍ കൈക്കൂലി വാങ്ങിയത്.
ബില്ല് മാറാനായി പഞ്ചായത്തിന്റെ മോണിറ്ററിംഗ് കമ്മിറ്റിയില്‍ അംഗമായ പി. സഹനാഥന്‍ ഒപ്പ് വെക്കണം. ഈ ഒപ്പ് വെക്കുന്നതിനാണ് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പഞ്ചായത്തിന് നല്‍കിയ ബില്‍ തുക നാളിതുവരെ മാറിനല്‍കാത്തതിനെ തുടര്‍ന്ന് കരാറുകാരനായ പി.കെ ഭാസ്‌കരന്‍ അന്വേഷിച്ചപ്പോള്‍ മോണിറ്ററിംഗ് കമ്മിറ്റി അംഗവും, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി. സഹനാഥന്‍ ഒപ്പിടാത്തതുകൊണ്ടാണ് തനിക്ക് ബില്ല് പാസാവത്തതെന്ന് മനസിലാക്കി. ഒപ്പിടാത്തതിന്റെ കാരണം ചോദിച്ചപ്പോൾ പതിനായിരം രൂപ കൈക്കൂലി നല്‍കിയാല്‍ ഒപ്പിടാമെന്ന് അറിയിക്കുകയുമായിരുന്നു.
ബില്ല് മാറിയശേഷം കൈക്കൂലി നല്‍കാമെന്ന് പരാതിക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഈ മാസമാദ്യം പി.സഹനാഥന്‍ ബില്ല് ഒപ്പിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ബില്‍ തുക പാസ്സാവുകയും ചെയ്തു. ഇതറിഞ്ഞ പി.സഹനാഥന്‍ പരാതിക്കാരനായ ഭാസ്‌കരനെ ഫോണില്‍ വിളിച്ച് കൈക്കൂലി നല്കാമെന്നേറ്റ തുക നല്‍കാന്‍ നിര്‍ബന്ധിച്ചു.
തുടര്‍ന്ന്, കരാറുകാരന്‍ ഈ വിവരം പാലക്കാട് വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി ഗംഗാധരനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇന്ന് ഉച്ചയ്ക്ക് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ കാത്തു നിന്നു. ഇവിടെ വച്ച് ഭാസ്‌കരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോള്‍ സഹനാഥനെ കൈയ്യോടെ വിജിലന്‍സ് സംഘം അറസ്‌റ് ചെയ്യുകയായിരുന്നു.
നിര്‍മ്മാണ പ്രവൃത്തിയുടെ ആദ്യ ബില്ല് പാസ്സാക്കിനല്‍കുന്നതിനും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ സഹനാഥന്‍ പരാതിക്കാരനായ ഭാസ്‌കരനോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് വിജിലന്‍സ് അറിയിച്ചു.
വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ബോബിന്‍ മാത്യു, ഗിരിലാല്‍.ഡി, ഫിറോസ്, എസ്.ഐ. സുരേന്ദ്രന്‍, എ എസ് .ഐ മാരായ മണികണ്ഠന്‍, മനോജ്കുമാര്‍, വിനു, രമേശ്.ജി.ആര്‍ , സലേഷ് , സി,പി.ഒ മാരായ പ്രമോദ്, എം.സിന്ധു എന്നിവരുമുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.