ശബരിമല കയറാൻ തൃപ്തി ദേശായി വീണ്ടുമെത്തുന്നു: ദേശായിയും മനീതി സംഘവും പത്തനംതിട്ടയിലെ ഒളി സങ്കേതത്തിൽ; സർവ സന്നാഹവുമായി സന്നിധാനത്ത് തമ്പടിക്കാൻ സംഘപരിവാർ നിർദേശം
തേർഡ് ഐ ബ്യൂറോ
പത്തനംതിട്ട: മണ്ഡല – മകരവിളക്ക് സീസൺ അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ തൃപ്തി ദേശായിയും, നാൽപത് അംഗ മനീതി സംഘവും പത്തനംതിട്ടയിൽ എത്തിയതായി സംഘപരിവാർ സംഘത്തിന് രഹസ്യ വിവരം. ഇതേ തുടർന്ന് സന്നിധാനത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശബരിമല കർമ്മ സമിതി, ആർഎസ്എസ് പ്രവർത്തകർക്ക് വാട്‌സ് അപ്പ് ഗ്രൂപ്പുകൾ വഴി നിർദേശം പോയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശനിയാഴ്ച അർധരാത്രി വരെ ആയിരത്തിലേറെ സംഘം പ്രവർത്തകർ ചെറു ഗ്രൂപ്പുകളായി ശബരിമലയിൽ തമ്പടിക്കുമെന്നാണ് ലഭിക്കുന്ന സൂചന. നിരോധനാജ്ഞയും നിയന്ത്രണങ്ങളും നിലവിലില്ലാത്തതിനാൽ ശബരിമല സന്നിധാനത്തേയ്ക്ക് ആചാര ലംഘനത്തിന് എത്തുന്ന ആരെയും തടയാൻ സാധിക്കുമെന്നാണ് സംഘപരിവാർ പ്രവർത്തകരുടെ വിശ്വാസം.
ശബരിമലയിൽ പ്രവേശിക്കാൻ തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം പത്തനംതിട്ടയിൽ എത്തിയതായാണ് സംഘപരിവാർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. പത്തനംതിട്ടയിലെ രഹസ്യ കേന്ദ്രത്തിൽ ഇവർ കഴിയുന്നുണ്ട്. ഇവർ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള കമാൻഡോ സംഘം ഇവർക്ക് സുരക്ഷ നൽകുന്നുണ്ടെന്നാണ് പ്രചരിക്കുന്നത്. ഇതു കൂടാതെ മനീതി സംഘത്തിലെ നാൽപ്പത് അംഗങ്ങൾ പത്തനംതിട്ടയിലെ വിവിധ കേന്ദ്രങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. ഇവർ ലക്ഷ്യമിടുന്നത് എത്രയും വേഗം ശബരിമലയിൽ പ്രവേശിക്കുമെന്ന് തന്നെയാണെന്നാണ് സൂചന ലഭിക്കുന്നത്. ഇന്ന് വൈകിട്ടോ, നാളെ പുലർച്ചെയോ സംഘം ശബരിമലയിൽ എത്തുമെന്ന സൂചനയും വിവിധ കേന്ദ്രങ്ങൾ നൽകുന്നു.
സെപ്റ്റംബർ 28 ന് സുപ്രീം കോടതി യുവതീ പ്രവേശനം അനുവദിച്ചതിന് ശേഷം പകൽ സന്നിധാനത്ത് എത്തിയ യുവതികളെ ആരെയും പ്രവേശിപ്പിക്കാൻ സമരക്കാർ തയ്യാറായിരുന്നില്ല. ഏറ്റവും ഒടുവിൽ കണ്ണൂരിൽ നിന്ന് എത്തിയ യുവതികളെ പോലും വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ സംഘപരിവാർ പ്രവർത്തകർ തടയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിയിൽ വേഷം മാറ്റി ബിന്ദുവിനെയും കനകദുർഗയെയും സർക്കാർ മലകയറ്റിയത്. ഇതേ തന്ത്രം തന്നെയാവും ഇന്ിയും പൊലീസ് പുറത്തെടുക്കുക എന്ന സൂചന ലഭിക്കുന്നത്. ആവശ്യമെങ്കിൽ തൃപ്തി ദേശായിയെയും നാൽപ്പത് അംഗ മനീതി സംഘത്തെയും ഇതേ രീതിയിൽ മലകയറ്റാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോഴും സർക്കാർ നടത്തുന്നതെന്നാണ് സൂചന. ഇത്തരത്തിൽ യുവതികളെ മലകയറ്റാൻ സർക്കാരും പൊലീസും എന്ത് വിലകൊടുത്തും തയ്യാറായാൽ ശബരിമല സന്നിധാനം വീണ്ടും കലാപഭൂമിയായി മാറും. ഇതിനുള്ള തയ്യാറെടുപ്പുകൾ തന്നെയാണ് ഇപ്പോൾ സംഘപരിവാർ പ്രവർത്തകരും ശബരിമലയിൽ നടത്തുന്നത്.
ഇതിനിടെ 19 ന് വൈകിട്ട് ആറു മണിയോടെ ശബരിമലയിലെ ഭക്തരുടെ ദർശനം അവസാനിക്കും. 20നാണ് നട അടയ്ക്കുന്നതെങ്കിലും 20 ന് രാജകുടുംബാംഗങ്ങൾക്ക് മാത്രമാണ് ദർശനം അനുവദിക്കുക. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ 20 ന് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിനു മുന്നോടിയായി യുവതികളെ മല കയറ്റുക എന്ന ലക്ഷ്യമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്.