
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! മൈസൂരിൽ നിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്ക്; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിച്ചു; ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വന്തം ലേഖകൻ
ചെന്നൈ: മൈസൂരിൽ നിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. സെമി-ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് ആദ്യമായാണ് ദക്ഷിണേന്ത്യയിൽ സർവ്വീസ് ആരംഭിച്ചത്.
രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യ സർവ്വീസാണ് ഇത്.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ വന്ദേ ഭാരത് ട്രെയിനിന് സാധിക്കും. ചെന്നൈ മുതൽ മൈസൂരു വരെ 479 കിലോമീറ്റർ ദൂരമാണുള്ളത്. ആറ് മണിക്കൂറും 30 മിനിട്ട് കൊണ്ട് ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. പൂർണമായും ശീതീകരിച്ച കോച്ചുകളാണ് എല്ലാം. ഓട്ടോമാറ്റിക് ഡോറുകൾ, ഓഡിയോ-വിഷ്വൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓൺബോർഡ് ഹോട്ട്സ്പോട്ട് വൈഫൈ, റിക്ലൈനിംഗ് സീറ്റുകൾ എന്നിവ വന്ദേഭാരതിന്റെ പ്രത്യേകതകളാണ്. 1128 സീറ്റുകളാണ് 16 കോച്ചുകളിലായിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരുവിൽ നിന്നാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. യാത്രക്കാർക്ക് അവരുടെ യാത്രാസമയം കുറയ്‌ക്കാനും മികച്ച അനുഭവം ഒരുക്കാനും പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ സാധിക്കുമെന്ന് അധികൃതർ പറയുന്നു.
മൈസൂരുവിൽ നിന്ന് യാത്ര തുടങ്ങി കഴിഞ്ഞാൽ പിന്നെ ബംഗളൂരു സിറ്റി ജംഗ്ഷനിൽ മാത്രമായിരിക്കും വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ടായിരിക്കുക. ബുധൻ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തും.
നിലവിൽ ബംഗളുരുവിനും ചെന്നൈയ്‌ക്കും ഇടയിൽ ധാരാളം ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ശതാബ്ദി എക്‌സ്പ്രസ്, ബൃന്ദാവൻ എക്‌സ്പ്രസ്, മാസ് ഡബിൾ ഡക്കർ, ഗുവാഹത്തി എക്‌സ്പ്രസ്, ലാൽബാഗ് എക്‌സ്പ്രസ്, ചെന്നൈ എക്‌സ്പ്രസ്, കാവേരി എക്‌സ്പ്രസ്, ചെന്നൈ മെയിൽ തുടങ്ങിയവയെല്ലാം ഈ റൂട്ടിലോടുന്ന ട്രെയിനുകളാണ്. എന്നാൽ വന്ദേ ഭാരത് ഒരുക്കുന്ന സൗകര്യങ്ങളും മികച്ച യാത്രാനുഭവവുമാണ് മറ്റുള്ളവയെ ഇതിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും അധികൃതർ പറയുന്നു.