ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം തുടങ്ങി; പി എഫ് ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ (പി എഫ് ഐ) സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കങ്ങൾ ആരംഭിച്ചു.

പി എഫ് ഐയുടെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടുക. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും എന്‍ ഐ എ റെയ്‌ഡ് നടത്തിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയിരുന്നു. ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹര്‍ത്താലിനിടയില്‍ വ്യാപക അക്രമമാണ് നടന്നത്. കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. നഷ്ടപരിഹാരം ഹര്‍ത്താലിന് നേതൃത്വം നല്‍കിയ നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ കേസിലെ 12, 13 കക്ഷികളായ പോപ്പുലര്‍ ഫ്രണ്ടിന്റെയും അബ്ദുള്‍ സത്താറിന്റെയും സ്വത്തുവിവരം തേടി രജിസ്‌ട്രേഷന്‍ ഐ ജിക്ക് ഡി ജി പി കത്ത് നല്‍കിയിട്ടുണ്ട്.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന റൗഫിന് ആര്‍ എസ് എസുകാരെ വധിക്കാന്‍ ഹിറ്റ്‌ലി‌സ്‌റ്റ് തയ്യാറാക്കിയതില്‍ പങ്കുണ്ടെന്ന് എന്‍ ഐ എ കണ്ടെത്തി. പാലക്കാട്ടെ ആര്‍ എസ് എസ് നേതാവായിരുന്ന ശ്രീനിവാസന്‍ വധക്കേസില്‍ ഇയാളെ പ്രതിചേര്‍ത്തിട്ടുണ്ട്.

ശ്രീനിവാസന്‍ വധക്കേസ് എന്‍ ഐ എ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്‍ ഐ എ റൗഫിനെ പാലക്കാട് എസ് പി ഓഫീസിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.