
സ്വന്തം ലേഖകൻ
കൊച്ചി: കാണാതായ യുവതിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി (22) യുടെ മൃതദേഹമാണ് ഏലൂർ ഫെറിക്ക് സമീപം കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയാണ് അനൂജയെ കാണാനില്ലെന്ന് വീട്ടുകാർ അറിയുന്നത്.
മുറിയിൽ പരിശോധിച്ചപ്പോൾ രക്തക്കറയും അനൂജയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതോടെ പോലീസിൽ വിവരമറിയിച്ചു. അനൂജയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ യുവതിയുടെ സ്കൂട്ടർ മുട്ടാർ പുഴയ്ക്ക് സമീപം കണ്ടെത്തി. സ്കൂട്ടറിലും പാലത്തിന്റെ കൈവരിയിലും രക്തക്കറ കണ്ടതോടെ പുഴയിൽ വീണതായി സംശയമുയർന്നു. തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിനു സമീപത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെ ഏലൂർ ഫെറി ഭാഗത്ത് മൃതദേഹം കണ്ടത്.
കുന്നുംപുറം സ്വദേശിയായ ഒരു യുവാവുമായി അനൂജ പ്രണയത്തിലായിരുന്നു. ഞായറാഴ്ച ഇയാളുടെ വിവാഹമായിരുന്നു. വൈകീട്ട് കുന്നുംപുറത്ത് നടന്ന വിവാഹ സൽക്കാര സ്ഥലത്ത് അനൂജ എത്തുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തു. അവിടെ നിന്ന് അനൂജ വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് പുലർച്ചയോടെ അനൂജയെ കാണാതായത്. ടെസി ജോസഫ് ആണ് മാതാവ്. സഹോദരി തനൂജ. സംസ്കാരം നടത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കാൻ ശ്രമിക്കുക, അതിജീവിക്കാൻ വിളിക്കൂ 1056)