play-sharp-fill
ജലമേളയുടെ ആരവങ്ങളിലേക്ക്‌ താഴത്തങ്ങാടി; മീനച്ചിലാറ്റില്‍ നടക്കുന്ന വള്ളംകളിക്ക്‌ ഒൻപത് ചുണ്ടന്‍ വള്ളങ്ങൾ; വള്ളങ്ങളുടെ ട്രാക്ക്‌ നിര്‍ണയം കഴിഞ്ഞു

ജലമേളയുടെ ആരവങ്ങളിലേക്ക്‌ താഴത്തങ്ങാടി; മീനച്ചിലാറ്റില്‍ നടക്കുന്ന വള്ളംകളിക്ക്‌ ഒൻപത് ചുണ്ടന്‍ വള്ളങ്ങൾ; വള്ളങ്ങളുടെ ട്രാക്ക്‌ നിര്‍ണയം കഴിഞ്ഞു

കോട്ടയം: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക്‌ ശേഷം താഴത്തങ്ങാടി വീണ്ടും ജലമേളയുടെ ആരവങ്ങളിലേക്ക്‌. താഴത്തങ്ങാടിയില്‍ ബോട്ടുകള്‍ പരിശീലനത്തിന്‌ എത്തിത്തുടങ്ങി. ചുണ്ടന്‍ വള്ളങ്ങള്‍ വ്യാഴാഴ്‌ച പരിശീലനത്തിന്‌ എത്തും. 29ന്‌ നടക്കുന്ന സിബിഎല്‍ ആന്‍ഡ്‌ ഗെയില്‍ കോട്ടയം ബോട്ട്‌ റെയ്‌സിനുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ഞായറാഴ്ച പൂര്‍ത്തിയായി.

മീനച്ചിലാറ്റില്‍ നടക്കുന്ന വള്ളംകളിക്ക്‌ ഒൻപത് ചുണ്ടന്‍ വള്ളങ്ങളുണ്ടാകും. ഇവ കൂടാതെ ഇരുട്ടുകുത്തി, വെപ്പ്‌, ചുരുളന്‍ വള്ളങ്ങളടക്കം ആകെ 27 വള്ളങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. വള്ളങ്ങളുടെ ട്രാക്ക്‌ നിര്‍ണയം ഞായറാഴ്ച നടന്നു.


ക്യാപ്‌റ്റന്‍മാര്‍ക്ക്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. കോട്ടയം വെസ്‌റ്റ്‌ എസ്‌എച്ച്‌ഒ അനൂപ്‌ കൃഷ്‌ണയുടെ സാന്നിധ്യത്തിലായിരുന്നു ട്രാക്ക്‌ നിര്‍ണയം. സിബിഎല്ലില്‍ ആദ്യ ഒമ്പത്‌ സ്ഥാനം നേടിയ ചുണ്ടന്‍ വള്ളങ്ങളാണ്‌ താഴത്തങ്ങാടിയില്‍ ചുണ്ടന്‍ വിഭാഗത്തില്‍ മത്സരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്‌റ്റ്‌ ക്ലബ്‌, കോട്ടയം നഗരസഭ, ഡിടിപിസി, തിരുവാര്‍പ്പ്‌ പഞ്ചായത്ത്‌ എന്നിവ ചേര്‍ന്നാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. ഇരുപത്തിയൊൻപതിന്‌ പകല്‍ രണ്ടുമുതല്‍ അഞ്ചുവരെയാണ്‌ വള്ളംകളി. താഴത്തങ്ങാടി ജലമേളയില്‍ നിലവിലെ ചാമ്പ്യന്‍ കാട്ടില്‍തെക്കേതിലാണ്‌.

വള്ളംകളിയോടനുബന്ധിച്ച്‌ കെ വി ജോണ്‍ കൊച്ചേട്ട്‌ മെമോറിയല്‍ ട്രോഫിക്ക്‌ വേണ്ടിയുള്ള വഞ്ചിപ്പാട്ട്‌ മത്സരം വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴിന്‌ നടക്കുമെന്ന്‌ മുഖ്യ സംഘാടകരായ കോട്ടയം വെസ്‌റ്റ്‌ ക്ലബ്ബിന്റെ പ്രസിഡന്റ്‌ ലിയോ മാത്യു, ജനറല്‍ സെക്രട്ടറി സുനില്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു.