ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റിയുടെ നിർദേശം.
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് ഹാജരാകണമെന്നാണ് ആവശ്യം. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് യുവതി മറുപടി നൽകിയിട്ടുണ്ട്.
യുവതിയുടെ ശരീരത്തിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ചതിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു . 15 ദിവസത്തിനകം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകണം. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനാണു നിർദേശം നൽകിയത്.ഒക്ടോബർ 28ന് മനുഷ്യാവകാശ കമ്മിഷൻ കോഴിക്കോടുവച്ച് ചേരുന്ന സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയ്ക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്. ഇതിനുശേഷം ഹർഷിനയ്ക്ക് അവശതയും വേദനയും ഉണ്ടായിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. 17ന് കത്രിക പുറത്തെടുക്കുകയും ചെയ്തു. 12 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയുമുള്ള കത്രിക (ആർട്ടറി ഫോർസെപ്സ്) കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെറ്റുപറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന സംഭാഷണവും പുറത്തുവന്നിരുന്നു.