play-sharp-fill
മീ ടൂ! ലൈംഗികചൂഷണത്തിന് വൈദികർ പലവട്ടം ശ്രമിച്ചിട്ടുണ്ട്; സിസ്റ്റർ ലൂസി

മീ ടൂ! ലൈംഗികചൂഷണത്തിന് വൈദികർ പലവട്ടം ശ്രമിച്ചിട്ടുണ്ട്; സിസ്റ്റർ ലൂസി


സ്വന്തം ലേഖകൻ

മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയുടെ ‘മീ ടൂ’ വെളിപ്പെടുത്തൽ. തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ വൈദികർ പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് സിസ്റ്റർ ലൂസി.
തന്നെ കുഴിയിൽ വീഴിക്കാൻ പല തവണ ശ്രമമുണ്ടായി. കെണിയിൽപ്പെടാതെ രക്ഷപ്പെട്ടതിനാലാണു വൈദികർ നടത്തുന്ന ലൈംഗികചൂഷണത്തിനെതിരായി ശക്തമായി പ്രതികരിക്കാൻ സാധിക്കുന്നതെന്ന് വൈദികരുടെ പേര് വെളിപ്പെടുത്താതെ സിസ്റ്റർ ലൂസി പറഞ്ഞു.

കന്യാസ്ത്രീകളെ കാണുമ്പോൾ എങ്ങനെ വീഴിക്കാമെന്ന ചിന്തയോടെ പല വിധത്തിലാണ് മിക്ക വൈദികരും ഇടപെടുന്നത്. ഇതിൽ വീണുപോകുന്ന കന്യാസ്ത്രീകളുണ്ട്. ഒത്തിരി വൈദികരുടെയും ഇരകളാക്കപ്പെട്ട കന്യാസ്ത്രീകളുടെയും കഥകൾ അറിയാം. മിക്ക വൈദികരും ഒരു പരിധി വരെ തെറ്റായാണു ജീവിക്കുന്നത്.
ആണും പെണ്ണുമുള്ളിടത്തോളം ഇത്തരം വീഴ്ചകൾ ആവർത്തിച്ചുകൊണ്ടിരിക്കും. ബ്രഹ്മചര്യം പാലിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇനിയുള്ള കാലം കത്തോലിക്കാ സഭയിൽ വൈദികർ ഒറ്റയ്ക്കു നിൽക്കുന്ന സാഹചര്യം മാറണം, കല്യാണം കഴിക്കണം. ‘തങ്ങളുടെ ഫോൺ കോളുകൾ പരിശോധനയ്ക്കു നൽകാൻ ധൈര്യമുള്ള വൈദികരുണ്ടോയെന്നു വെല്ലുവിളിക്കുന്നു. ഫോൺ പോലീസിനു കൈമാറാൻ ധൈര്യമുള്ള എത്ര വൈദികരുണ്ടു കേരളത്തിൽ! എന്റെ ഫോൺ കൈമാറാൻ തയാറാണ്, ഞാനിതുവരെ വഴിവിട്ടു ജീവിച്ചിട്ടില്ല. അതുകൊണ്ടാണ് ചൂഷണങ്ങൾക്കെതിരേ പോരാടാൻ സാധിക്കുന്നത്. ഞാനുൾപ്പെടുന്ന കന്യാസ്ത്രീ സമൂഹം നേരിടുന്ന ചൂഷണങ്ങളിൽ മനംമടുത്താണ് ബലാത്സംഗക്കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ ശബ്ദമുയർത്താൻ തീരുമാനിച്ചത്’- സിസ്റ്റർ ലൂസി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ (എഫ്.സി.സി) ആലുവയിലുള്ള ആസ്ഥാനത്തെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും സിസ്റ്റർ ലൂസി കളപ്പുര അതിന് തയാറായില്ല. പുറത്താക്കലിലേക്കുള്ള നടപടികളുടെ ആദ്യ മുന്നറിയിപ്പെന്ന നിലയിലാണ് ഇന്നലെ ഹാജരായി വിശദീകരണം നൽകാൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് ആവശ്യപ്പെട്ടിരുന്നത്. വന്നില്ലെങ്കിൽ കാനോൻ നിയമപ്രകാരം തുടർനടപടി സ്വീകരിക്കുമെന്നും സിസ്റ്റർ ലൂസിയെ അറിയിച്ചിരുന്നു.

ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ച് ഇ-മെയിൽ സന്ദേശം നൽകിയതായി സിസ്റ്റർ ലൂസി പറഞ്ഞു. തന്നെ ഏറെ നാളായി മാനസികമായി പീഡിപ്പിക്കുന്നവരുടെ മുന്നിലേക്കില്ല. തന്നെ അധിക്ഷേപിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എഫ്.സി.സി. സന്യാസിനീ സമൂഹത്തിന്റെ അധികാരികൾക്കു നേരത്തേ നൽകിയ കത്തിന് ഇതുവരെ മറുപടി തന്നിട്ടില്ല. മറുപടി തരാത്ത സാഹചര്യത്തിൽ തൽക്കാലം സുപ്പീരിയർ ജനറലിനെ കാണാൻ പോകുന്നില്ല- സിസ്റ്റർ ലൂസി പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തു, ടിവി ചർച്ചകളിലൂടെ സഭാനേതൃത്വത്തെ ഇടിച്ചുതാഴ്ത്തി, അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു, ഡ്രൈവിങ് പഠിച്ചു, വായ്പയെടുത്ത് കാർ വാങ്ങി തുടങ്ങിയ കാര്യങ്ങളിലാണു സിസ്റ്റർ ലൂസിയോടു വിശദീകരണം തേടിയിരുന്നത്. എഫ്.സി.സിയുടെ വയനാട് കാരയ്ക്കാമല മഠത്തിലാണ് സിസ്റ്റർ കഴിയുന്നത്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ പ്രതികരിച്ചതിനു പിന്നാലെ സിസ്റ്റർ ലൂസിയെ ആത്മീയ കാര്യങ്ങൾ നിർവഹിക്കുന്നതിൽനിന്നു കാരയ്ക്കാമല പള്ളി വികാരി വിലക്കിയെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെത്തുടർന്നു നടപടി പിൻവലിച്ചിരുന്നു.