play-sharp-fill
ബിജെപിയും സംഘപരിവാറും പ്രകടനം നടത്തിയാൽ കേസ്: റോഡിൽ നിന്നാലും ഇരുന്നാലും കൂട്ടക്കേസ്: ഭരണവിലാസം പണിമുടക്കിൽ ആരെന്തു ചെയ്താലും കേസില്ല

ബിജെപിയും സംഘപരിവാറും പ്രകടനം നടത്തിയാൽ കേസ്: റോഡിൽ നിന്നാലും ഇരുന്നാലും കൂട്ടക്കേസ്: ഭരണവിലാസം പണിമുടക്കിൽ ആരെന്തു ചെയ്താലും കേസില്ല

സ്വന്തം ലേഖകൻ

കോട്ടയം: ഹർത്താലിലും പണിമുടക്കിലും പ്രകടനം നടത്തുക സ്വാഭാവികമാണ്. പ്രതിഷേധക്കാർക്ക് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള പ്രധാന വേദിയാണ് പ്രകടനങ്ങൾ. എന്നാൽ. ശബരിമല വിഷയത്തിൽ ദിവസത്തിൽ ഒന്നെന്ന രീതിയിൽ പ്രകടനം നടത്തിയ സംഘപരിവാർ സംഘടനകൾ സമരം തുടങ്ങി അഞ്ചു മാസത്തിനിടെ ജില്ലയിൽ നിന്നു മാത്രം വാങ്ങിക്കുട്ടിയത് ഇരുനൂറിലേറെ കേസുകളാണ്. ബിജെപിയും ശബരിമല കർമ്മസമിതിയും അടക്കമുള്ള സംഘപരിവാർ സംഘടനകളാണ് ചെറു പ്രകടനത്തിന്റെ പേരിൽ പോലും കേസിൽ കുടുങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ കേസുകൾ പുരോഗമിക്കുമ്പോഴാണ് നഗരമധ്യത്തിൽ ഡിവൈഎസ്പിയും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവർ നോക്കി നിൽക്കേ സർക്കാർ വിലാസം സമരക്കാർ പണിമുടക്കിൽ പരസ്യമായി വാഹനങ്ങൾ തടയുന്നത്.
സമാധാനപരമായി പ്രകടനം പോലും നടത്തിയ ബിജെപി സംഘപരിവാർ സംഘടനകൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. റോഡ് ഗതാഗതം തടസപ്പെടുത്തി പൊലീസിന്റെ നിർദേശം ലംഘിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹർത്താൽ ദിനത്തിൽ നഗരത്തിൽ പ്രകടനം നടത്തിയപ്പോഴും ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഹർത്താൽ ദിനത്തിൽ ഒറ്റ വാഹനങ്ങൾ പോലും ഓടാത്ത ദിവസം പോലും ഗതാഗത തടസമുണ്ടാക്കി എന്ന വകുപ്പ് ചുമത്തിയാണ് പ്രകടനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ബിജെപി അക്രമത്തിൽ പ്രതിഷേധിച്ച് വൈകിട്ട് സിപിഎം പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയെങ്കിലും പൊലീസ് ഇത് കണ്ടില്ല. ഇവർക്കെതതിരെ കേസുമില്ല നടപടിയുമില്ല.
ഇതിനിടെയാണ് രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന്റെ ഭാഗമായി ചൊവ്വാഴ്ച നഗരത്തിൽ എല്ലാ പാർട്ടികളും ഉൾപ്പെട്ട സംയുക്ത സമര സമിതി പ്രകടനം നടത്തിയത്. എന്നാൽ, ഇവർക്കെതിരെ പൊലീസ് കേസുമില്ല ഒന്നുമില്ലാത്ത സ്ഥിതി. ബുധനാഴ്ച പൊലീസ് നോക്കി നിൽക്കെയാണ് സെൻട്രൽ ജംഗ്ഷനിലും, പിന്നീട് ഗാന്ധിസ്‌ക്വയറിലും വാഹനങ്ങൾ തടഞ്ഞത്. എന്നാൽ, ഇവർക്കെതിരെ ഭരണവിലാസത്തിന്റെ തണലിൽ പൊലീസ് കേസെടുക്കാൻ ഭയക്കുകയാണ്.