
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങുമ്പോള്‍ മായുന്നത് സിപിഎമ്മിന്റെ ചിരിയും സൗമ്യമുഖവുമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്റെ പിന്‍ഗാമിയായിരുന്നു കൊടിയേരി. കണ്ണൂരില്‍ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയില്‍ എത്തുന്നതിലും, ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണന്‍ വിജയന്റെ പിന്‍ഗാമിയായി.
1953 നവംബര്‍ 16-ന് കണ്ണൂര്‍ തലായി എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായാണ് കോടിയേരിയുടെ ജനനം. കോടിയേരിക്ക് ആറുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് അമ്മയുടെ സംരക്ഷണത്തിലായിരുന്നു വളര്‍ന്നത്. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് കോടിയേരിയുടെ വരവ്.
പക്ഷേ, നാട്ടിലെ സാഹചര്യങ്ങളും സ്‌കൂള്‍ജീവിതവും ബാലകൃഷ്ണനെ കമ്യൂണിസ്റ്റാക്കി. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി ഗവണ്‍മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. 1970ല്‍ സജീവ സിപിഎം പ്രവര്‍ത്തകനായി. അടിയന്തരാവസ്ഥക്കെതിരെ പ്രകടനം നയിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഇരുപത്തിയൊന്നുകാരന്‍ കോടിയേരി അറസ്റ്റിലായി. പിന്നെ ഒന്നര വര്‍ഷക്കാലം ജയിലില്‍. അന്ന് സഹതടവുകാരനായിരുന്നു പിണറായി വിജയന്‍. കൊടിയമര്‍ദനമേറ്റ പിണറായി വിജയനെ ജയിലില്‍ ശുശ്രൂഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് കോടിയേരിയെയാണ്. അന്നു ജയില്‍ ഒരുമിച്ചവര്‍ പിന്നെ ഒരേസമയത്ത് മുഖ്യമന്ത്രിയായും പാര്‍ട്ടി സെക്രട്ടറിയായും കേരളരാഷ്ട്രീയത്തെ നയിച്ചു. വിഭാഗീയതയുടെ കാലത്ത് ഇരുവരും ചേര്‍ന്ന് പാര്‍ട്ടി പിടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1982ല്‍ തലശേരിയില്‍ നിന്ന് നിയമസഭയിലെത്തി. തോല്‍വിയറിയാതെ തലശേരിയില്‍ നിന്നുതന്നെ അഞ്ചുതവണ നിയമസഭാംഗമായി. ആഭ്യന്തര-ടൂറിസം മന്ത്രിയായി 2006ലെ വി.എസ്.മന്ത്രിസഭയിലെ രണ്ടാമനായിമാറി കോടിയേരി. വി.എസില്‍ വിശ്വാസമില്ലാത്ത പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്നു. 2008ല്‍ കോടിയേരി പോളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ത്തപ്പെട്ടു. അതിനും മുമ്പ് 1990ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയതോടെയാണ് പാര്‍ട്ടിയിലെ വളര്‍ച്ച തുടങ്ങുന്നത്. 1988ല്‍ സംസ്ഥാന സമിതിയംഗവും 1995ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 2005ല്‍ കേന്ദ്രകമ്മിറ്റിയംഗവുമായി.
2018ല്‍ തൃശൂര്‍ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറി ആയതിനുപിന്നാലെ രോഗവും മക്കള്‍ സൃഷ്ടിച്ച വിവാദങ്ങളും കോടിയേരിയെ തളര്‍ത്തി. അപ്പോഴും താന്‍ അവധിയില്‍ പോയെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളോട് കോടിയേരി കയര്‍ത്തില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിന്ന കാലത്തും സംഘടനയില്‍ സജീവമായിരുന്നു കോടിയേരി. ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനെ മുന്‍നിര്‍ത്തി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാലത്ത് അണിയറയില്‍ ഇരുന്നു ചരടുവലിച്ചു. രോഗം കലശലായ കാലത്തും എറണാകുളം സമ്മേളനത്തില്‍ സെക്രട്ടറിയാരെന്ന ചോദ്യത്തിന് കോടിയേരി എന്ന ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ സിപിഎമ്മിന്.
സി.പി.എം. നേതാവും തലശ്ശേരി മുന്‍ എം.എല്‍.എയുമായ എം.വി. രാജഗോപാലിന്റെ മകള്‍ എസ്.ആര്‍. വിനോദിനിയാണ് കോടിയേരിയുടെ ഭാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവര്‍ മക്കളും ഡോ. അഖില, റിനീറ്റ എന്നിവര്‍ മരുമക്കളുമാണ്.







