play-sharp-fill
കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണ; ഉന്നതതല യോഗത്തിലാണ് തീരുമാനം

കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണ; ഉന്നതതല യോഗത്തിലാണ് തീരുമാനം

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് റജിസ്റ്റർ ചെയ്ത അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

കോവിഡ് കാലത്ത് സംസ്ഥാനത്ത് ഉടനീളം 1,40,000ത്തോളം കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനാണ് തീരുമാനം.

പൊതുമുതൽ നശീകരണവും അക്രമവും സംഭവിക്കാത്ത സമരങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കും. പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകളും ഇതിൽ ഉൾപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതൊക്കെ കേസുകൾ പിൻവലിക്കണം എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കും.

യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, നിയമ സെക്രട്ടറി വി.ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.