ഭക്ഷണം കഴിക്കാൻ പോയ ഡ്രൈവർ ഹാൻഡ്‌ബ്രേക്കിടാൻ മറന്നു: ഇറക്കത്തിൽ ഉരുണ്ടിറങ്ങിയ ലോറി കാറും, ബൈക്കും വീടിന്റെ മതിലും തകർത്തു: സംഭവം ചിങ്ങവനം പുത്തൻപാലത്തിൽ
സ്വന്തം ലേഖകൻ
ചിങ്ങവനം: എം.സി റോഡിലൂടെ കെ.എസ്.ഇ.ബിയുടെ പോസ്റ്റുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് ഇറക്കത്തിലൂടെ പാഞ്ഞ് ബൈക്കും കാറും വീടിന്റെ മതിലും തകർത്തു. ഭക്ഷണം കഴിക്കാൻ പോയ ഡ്രൈവർ ഇറക്കത്തിൽ നിർത്തിയ ലോറിയുടെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടത്തിനു കാരണമായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ എം.സി റോഡരികിൽ പുത്തൻപാലം സർവീസ് സെന്ററിനു മുന്നിലായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തു നിന്നും കെ.എസ്.ഇ.ബിയുടെ പോസ്റ്റുമായി എത്തിയതായിരുന്നു ലോറി. ലോറി റോഡരികിൽ നിർത്തിയിട്ട ശേഷം ഡ്രൈവർമാർ ഭക്ഷണം കഴിക്കാനായി പുറത്തേയ്ക്കിറങ്ങി.
ഈ സമയം മുന്നിലേയ്ക്ക് ഉരുണ്ട് നീങ്ങിയ ലോറി മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും, കാറിലും ഇടിക്കുകയായിരുന്നു. ഇവിടെ നിന്നും ഉരുണ്ട് നീങ്ങിയ ലോറി, പ്രദേശത്തെ വീടിന്റെ മതിൽ തകർത്ത ശേഷമാണ് നിന്നത്. ബൈക്കിലും കാറിലും ലോറിയിലും ആൡാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് തകർന്ന വാഹനങ്ങൾ മാറ്റിയിട്ടത്. ഇതിനിടെ ലോറിയുടെ ഡ്രൈവർമാർ ഓടിരക്ഷപെട്ടിരുന്നു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്. പള്ളത്തെ കെ.എസ്.ഇബി ഓഫിസിലേയ്ക്ക് പോസ്റ്റുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group