
കോട്ടയം സംക്രാന്തി റെയിൽവേ മാലി ഭാഗങ്ങളിൽ പേപ്പട്ടിയുടെ ആക്രമണം; നിരവധി ആളുകൾക്കും, വളർത്തുമൃഗങ്ങൾക്കും കടിയേറ്റു; മുന്നറിയിപ്പുമായി അധികൃതർ
കോട്ടയം: സംക്രാന്തി റെയിൽവേ മാലി ഭാഗങ്ങളിൽ പേപ്പട്ടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. നിരവധി ആളുകൾക്കും, വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. കറുപ്പും വെളുപ്പും ഉള്ള പട്ടിയാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നല്കി.
കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണം വർധിക്കുന്നതായി പരാതിയുണ്ട്.
കോട്ടയം പാമ്പാടിയിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ഒരു ദിവസംമാത്രം ഒരു വീട്ടമ്മ ഉൾപ്പെടെ ഏഴ് പേരെയാണ് പ്രദേശത്ത് തെരുവ് നായ കടിച്ചത്. രണ്ട് പേരെ വീട്ടിനുള്ളിൽ കയറിയാണ് കടിച്ചത്. തെരുവുനായ വരുന്നത് കണ്ട് വീട്ടിനുള്ളിലേക്ക് ഓടികയറിയ വീട്ടമ്മയെ വീടിനുള്ളിൽ കയറിയാണ് തെരുവ് നായ ആക്രമിച്ചത്. ഉറങ്ങികിടന്നപ്പോഴാണ് 12 വയസുകാരന് നായയുടെ കടിയേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴാംമൈൽ സ്വദേശികളായ നിശാ സുനിൽ, പാറയിൽ വീട്ടിൽ ഫെബിൻ, പതിനെട്ടിൽ സുമി, കാലായിൽ രാജു എന്നിവരെ അടക്കം ഏഴ് പേരെയാണ് തെരുവ് നായ ഇന്നലെ കടിച്ചത്. ഇതിൽ നിഷയെയും, ഫെബിനെയുമാണ് വീട്ടിൽ കയറി കടിച്ചത്. കടിയേറ്റതിനെ തുടർന്ന് ഇവർ ഇന്നലെതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഇവരെ കടിച്ച നായ പിന്നീട് ചത്തു.
വൈക്കം, വെള്ളൂർ, തലയോലപ്പറമ്പ, കടുത്തുരുത്തി എന്നീ ഭാഗങ്ങളിലും നിരവധി ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.