
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍.ടി. ഓഫീസുകളില്‍ ഏജന്‍റുമാരുടെ ഭരണമാണ് നടക്കുന്നതെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍.
പല ഓഫിസുകളിലും മോേട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട ജോലികള്‍ ഏജന്‍റുമാരാണ് നിര്‍വഹിക്കുന്നത്. തട്ടുകടക്കാരുള്‍പ്പെടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നു. ഡ്രൈവിങ് സ്കൂളുകളില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി പണം പിരിക്കാന്‍ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപറേഷന്‍ ജാസൂസ്’ മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഗിള്‍ പേ പോലുള്ള ആധുനിക സംവിധാനത്തിലൂടെയാണ് ഉദ്യോഗസ്ഥര്‍ക്ക് പണം കൈമാറുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആര്‍.ടി ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ഏജന്‍റുമാരെ തിരിച്ചറിയുന്നതിലേക്കായി പ്രത്യേക അടയാളങ്ങള്‍ രേഖപ്പെടുത്തുകയാണ് രീതി. ഇത്തരത്തില്‍ അടയാളപ്പെടുത്തിയ നിരവധി അപേക്ഷകള്‍ വിജിലന്‍സ് കണ്ടെത്തി.
പല ആര്‍.ടി ഓഫിസുകളിലും നിരവധി അപേക്ഷകളും ഫയലുകളും നടപടി സ്വീകരിക്കാതെ സൂക്ഷിച്ച് വച്ചിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. പല ഏജന്‍റുമാരും ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസിനേക്കാള്‍ വളരെ കൂടുതല്‍ തുക അപേക്ഷകരില്‍ നിന്നും ഈടാക്കുന്നതായും കണ്ടെത്തി. ഏജന്റുമാര്‍ മുഖാന്തിരം സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ ഏജന്റുമാര്‍ അവരെ തിരിച്ചറിയുന്നതിനുള്ള വിവിധ അടയാളങ്ങള്‍ ഇടുന്നതായും ഇപ്രകാരമുള്ള അപേക്ഷകള്‍ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ വേഗത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കി അത് സമര്‍പ്പിച്ച ഏജന്‍റുമാരില്‍ നിന്നും മുന്‍നിശ്ചയ പ്രകാരമുള്ള കൈക്കൂലി ശേഖരിച്ച് പല വിധത്തില്‍ കൈമാറുന്നതായും ഇപ്രകാരം ശേഖരിക്കപ്പെടുന്ന കൈക്കൂലിപ്പണം ഉദ്ദ്യോഗസ്ഥരുടെ വാസസ്ഥലത്തോ ഓഫിസുകളിലോ വാസസ്ഥലത്തേക്കുള്ള യാത്രാമധ്യേയോ ഏജന്റുമാര്‍ എത്തിച്ച് നല്‍കുന്നതായും ചില ഏജന്റുമാര്‍ ഉദ്ദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ ചെയ്യുന്നതായും കണ്ടെത്തി.
മറ്റ് ചില സ്ഥലങ്ങളില്‍ ഏജന്‍റുമാര്‍ അവരുടെ പേരിലോ ബന്ധുക്കളുടെ പേരിലോ സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ആരംഭിച്ച ശേഷം എ.ടി.എം കാര്‍ഡ് ഉദ്ദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതായും ഉദ്ദ്യോഗസ്ഥര്‍ പ്രസ്തുത തുക എ.ടി.എം കാര്‍ഡുപയോഗിച്ച് പിന്‍വലിച്ചെടുക്കുന്നതായും കണ്ടെത്തി. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തും ആര്‍.ടി ഓഫീസ് പരിസരത്തും പ്രവര്‍ത്തിക്കുന്ന തട്ടുകടക്കാരും വാഹനപുക പരിശോധന നടത്തുന്നവരില്‍ ചിലരും ആര്‍.ടി ഉദ്യോഗസ്ഥരുടെ ഇടനിലക്കാരായി പണപ്പിരിവ് നടത്തുന്നതായും ഇപ്രകാരം ഉദ്ദ്യോഗസ്ഥര്‍ക്ക് വേണ്ടി പണപ്പിരിവ് നടത്തുന്ന ഏജന്‍റുമാരില്‍ പലരും ആര്‍.ടി ഓഫീസിലെ റെക്കോര്‍ഡുകള്‍ അനധികൃതമായി സൂക്ഷിക്കുന്നതായും കണ്ടെത്തി. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് പരിവാഹന്‍ എന്ന സോഫ്റ്റ് വെയര്‍ മുഖേനയാണ് നിലവില്‍ അപേക്ഷ സ്വീകരിക്കുന്നത്.
എന്നാല്‍ ഇപ്രകാരം ഓണ്‍ലെെന്‍ അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം ഫിസിക്കല്‍ കോപ്പിയും സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ഈ അവസരത്തിലും നേരിട്ട് വാഹന പരിശോധന നടത്തേണ്ട സന്ദര്‍ഭങ്ങളിലും ഉദ്ദ്യോഗസ്ഥര്‍ ഏജന്‍റുമാര്‍ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചു. കൈക്കൂലി നല്‍കാത്തതിനാല്‍ പൊതുജനങ്ങള്‍ നേരിട്ട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മനപൂര്‍വ്വം വച്ച് താമസിപ്പിക്കുന്നതായും അപേക്ഷകള്‍ നേരിട്ട് നല്‍കുന്നവരെ ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് വീണ്ടും വീണ്ടും ഓഫീസില്‍ വരുത്തി ബുദ്ധിമുട്ടിക്കുന്നതായും വ്യക്തമായി.
നിസാര കാരണങ്ങള്‍ പറഞ്ഞ് അവരുടെ അപേക്ഷകള്‍ നിരസിക്കുന്നതായും കണ്ടെത്തി. വാഹനങ്ങളുടെ ലൈസന്‍സ്, വാഹന ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ലേണേഴ്സ് ലൈസന്‍സ്, ലൈസന്‍സ് സസ്പെന്‍ഷന്‍ ഒഴിവാക്കല്‍, വെഹ്ക്കിള്‍ ഡിസ്പോസല്‍ സര്‍ട്ടിഫിക്കറ്റ്, വാഹനങ്ങളുടെ റീടെസ്റ്റ്, ഉടമസ്ഥാവകാശം കൈമാറല്‍, ഫാന്‍സി നമ്പര്‍ അനുവദിക്കല്‍, ടെസ്റ്റുകളിലും ഏജന്റുമാര്‍ അന്യായമായി ഇടപെട്ട് ഉദ്ദ്യോഗസ്ഥരെ സ്വാധീനിച്ച് അവര്‍ക്ക് വേണ്ടി കൈക്കൂലി പിരിച്ച് വിവിധ തരത്തില്‍ കൈമാറുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റേര്‍ഡ് തപാലില്‍ അയച്ചു കൊടുക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന രേഖകള്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാരെ ഏല്പിക്കുന്നതായും വ്യക്തമായി.







