പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വാര്ഡന് എന്ന് പറഞ്ഞ് തട്ടിപ്പ്; കബളിപ്പിച്ചത് 13 ലക്ഷത്തിലേറെ രൂപയുടെ ഓര്‍ഡർ നൽകി; ബെെജു ഹാറൂണിനെ പോലീസ് പിടിയിലായത് ഇങ്ങനെ……
സ്വന്തം ലേഖിക
ആലപ്പുഴ: ജയില്‍ വാര്ഡന് ആണെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാളെ പോലീസ് പിടികൂടി.
2020ല്‍ നടത്തിയ തട്ടിപ്പിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആര്യാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് ശങ്കരശേരി വെളിവീട്ടില്‍ ബൈജു ഹാറൂണിനെയാണ് (52) എസ്ഐ കെ.എസ്. സന്തോഷ്കുമാറും സംഘവും പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയിലിലെ പരിപാടിക്ക് എന്നു പറഞ്ഞ് വൊളന്റിയര്‍മാര്‍ക്കുള്ള 7,500 ബാഡ്ജുകള്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കിയാണ് പുന്നപ്രയിലെ എസ്എ ഗാര്‍മെന്റ്സ് ആന്‍ഡ് സ്റ്റിച്ചിങ് എന്ന സ്ഥാപനത്തിന്റെ ഉടമയായ വനിതയെ കബളിപ്പിച്ചത്. 13 ലക്ഷത്തിലേറെ രൂപയുടെ ഓര്‍ഡറാണ് ഇയാള്‍ നല്‍കിയത്.
ജയില്‍ വകുപ്പും പിന്നാലെ പൊലീസും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായതും പ്രതി പിടിയിലായതും. ഒന്നും അച്ചടിക്കാത്ത ബാഡ്ജുകളാണ് തയാറാക്കാന്‍ ആവശ്യപ്പെട്ടത്. ഇവ മറ്റാര്‍ക്കെങ്കിലും വില്‍ക്കാനാണോ പ്രതി ഉദ്ദേശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നു.
പൂജപ്പുര ജയിലിലെ വാര്‍ഡനാണെന്നു പറഞ്ഞാണ് ബാഡ്ജുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇയാള്‍ മുന്‍പ് കൊട്ടാരക്കര ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. ചിത്രകാരനായ ഇയാള്‍ക്ക് ജയിലിലെ ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി സമ്മാനം നല്കുന്ന ചിത്രം കാട്ടിയാണ് തയ്യല്‍ സ്ഥാപന ഉടമയുടെ വിശ്വാസം നേടിയത്. ബാഡ്ജുകള്‍ ജയിലിലേക്കു കൊടുത്തെന്നും പണം ട്രഷറി വഴി ലഭിക്കുമെന്നും വനിതയോടു പറഞ്ഞു.
പണം കിട്ടാത്തതിനെത്തുടര്‍ന്ന് ഇവര്‍ പൂജപ്പുര ജയില്‍ അധികൃതര്‍ക്കു പരാതി നല്കി. ഇങ്ങനെയൊരു ജയില്‍ ഉദ്യോഗസ്ഥന് ഇല്ലെന്ന് അധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് സ്ത്രീ ഡിജിപിക്കു പരാതി നല്‍കുകയായിരുന്നു. അന്വേഷണം തുടങ്ങിയതോടെ പ്രതി മുങ്ങി. കഴിഞ്ഞ ദിവസം, പ്രതി ആര്യാട്ടെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയ പൊലീസ് എത്തി പിടികൂടുകയായിരുന്നു.