പിണറായി മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് സാധ്യത; അനുഭവപരിചയം, ചെറുപ്പം മുതലായവ പരിഗണിച്ചേക്കും; സാധ്യതകൾ നിരവധി….

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ​ഗോവിന്ദനെ തെരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുണ്ടാകാന്‍ സാധ്യത.

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്.
ഭരണഘടന ‘വിവാദ’ത്തില്‍ സജി ചെറിയാന്‍ രാജിവച്ചതിന് പിന്നാലെ ഗോവിന്ദന്‍ കൂടി പടിയിറങ്ങുമ്പോള്‍ രണ്ടുപേ‍ര്‍ക്കുള്ള വാതിലാണ് പിണറായി മന്ത്രിസഭയില്‍ തുറന്നുകിടക്കുന്നത്. അതുകൊണ്ടുതന്നെ ആരാകും പിണറായി മന്ത്രിസഭയുടെ മുഖം മിനുക്കാന്‍ എത്തുക എന്ന കാര്യത്തിലെ ചര്‍ച്ച രാഷ്ട്രീയ കേരളത്തില്‍ മുറുകിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കൊപ്പം എത്താന്‍ രണ്ടാം മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന വിമ‍ര്‍ശനം നേരത്തെ തന്നെ തുടങ്ങിയതാണ്. ഒരു ഘട്ടത്തില്‍ സി പി എം സംസ്ഥാന കമ്മിറ്റിയില്‍ പോലും അത്തരം വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്തകളും കേരളം കേട്ടിരുന്നു. സി പി ഐ സമ്മേളനങ്ങളിലാകട്ടെ പല മന്ത്രിമാര്‍ക്കെതിരെയും വലിയ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തുന്നത്.

അതിനിടയിലാണ് മുഖം മിനുക്കാന്‍ പിണറായി സര്‍ക്കാരിന് അവസരം കൈവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാകും എം വി ഗോവിന്ദനും സജി ചെറിയാനും പകരക്കാരായി എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും.

തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പിലേക്കും സാംസ്ക്കാരിക വകുപ്പിലേക്കുമാണ് പുതിയ മന്ത്രിമാരെത്തുക. അതിനിടയില്‍ വകുപ്പ് വിഭജനത്തിന് സാധ്യതയുണ്ടോ എന്നതും കണ്ടറിയണം. പല പല പേരുകളും അന്തരീക്ഷത്തില്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

പഴയ മന്ത്രിമാരില്‍ ആരെങ്കിലും മടങ്ങിയെത്തുമോ, അതോ പുതുമുഖമാകുമോ എന്നത് സംബന്ധിച്ചുള്ള സൂചനകളൊന്നും പാര്‍ട്ടി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാര്‍ട്ടി തലത്തില്‍ ആലോചനകള്‍ സജീവമായി നടക്കുന്നുണ്ടെന്ന് മാത്രം.

രണ്ടാം മന്ത്രിസഭ പോലെ അപ്രതീക്ഷിതമായ തീരുമാനങ്ങള്‍ പാര്‍ട്ടി കൈകൊണ്ടാലും അത്ഭുതപ്പെടാനില്ല. മന്ത്രി സ്ഥാനത്തിരുന്ന് പ്രാഗത്ഭ്യം തെളിയിച്ചവരെ മടക്കി കൊണ്ടുവന്ന് ഞെട്ടിക്കുമോ എന്നതും കണ്ടറിയണം. അനുഭവപരിചയമുള്ളവര്‍ വേണോ ചെറുപ്പക്കാര്‍ വേണോ, ജില്ലാടിസ്ഥാനത്തില്‍ പരിഗണന നല്‍കണമോയെന്നതടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും.

എം വി ഗോവിന്ദന്‍ കണ്ണൂരില്‍ നിന്നുള്ള മന്ത്രിയായതിനാല്‍ തന്നെ ജില്ലയ്ക്ക് പരിഗണന ലഭിക്കുമോയന്ന് കണ്ടറിയണം. ഗോവിന്ദനെ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ച സംസ്ഥാന സമിതി പക്ഷേ ഇക്കാര്യത്തിലൊന്നും തീരുമാനം കൈകൊണ്ടില്ല. പകരം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കട്ടെ എന്നാണ് നിലപാട് സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ഓണത്തിന് ശേഷമാകും തീരുമാനമുണ്ടാകുക. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഓണത്തിന് ശേഷം വിശദമായി ചേര്‍ന്നാകും തീരുമാനമെടുക്കുക. അതുവരെ കാത്തിരിക്കാം.